രാജ്യത്തെത്തുന്ന സന്ദർശകരിൽ വര്‍ധന
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശകരുടെ എണ്ണത്തില്‍ വർധന. ആഭ്യന്തര മന്ത്രാലയം വിസ നിയമത്തിലെ ചട്ടങ്ങള്‍ക്ക് മാറ്റം വരുത്തിയതോടെയാണ് രാജ്യത്തെത്തുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. ദീർഘകാലം നിർത്തിവെച്ച ഫാമിലി, ടൂറിസ്റ്റ് സന്ദർശന വിസകൾ പുനരാരംഭിച്ചതോടെ നൂറുക്കണക്കിന് അപേക്ഷകൾ ദിനംപ്രതി ലഭിക്കുന്നുണ്ട്. ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് സന്ദർശന വിസകളാണ് രാജ്യത്ത് അനുവദിക്കുന്നത്. നിലവില്‍ 15 മുതൽ 30 മിനിറ്റിനുള്ളിൽ സന്ദർശന വിസ അനുവദിക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ റസിഡൻസി അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മസീദ് അൽ മുതൈരി പറഞ്ഞു.
ആറ് ഗവർണറേറ്റുകളിലുമായി ആഴ്ചയിൽ ശരാശരി 8,700 സന്ദർശന വിസകൾ അനുവദിക്കുന്നുണ്ട്. ഒരാഴ്ചയിൽ ഏകദേശം 2,000 ബിസിനസ് വിസിറ്റ് വിസകളും 2,900 ഫാമിലി വിസിറ്റ് വിസകളും 3,800 ടൂറിസ്റ്റ് വിസിറ്റ് വിസകളും അനുവദിക്കുന്നു. സന്ദർശകൻ വിസ കാലാവധി പാലിക്കാത്തപ്പോൾ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴി സ്പോൺസർമാർക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. തുടര്‍ന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷവും സന്ദര്‍ശകര്‍ കുവൈത്തില്‍ തുടരുകയാണെങ്കില്‍ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് സ്പോൺസറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വിസ അപേക്ഷകര്‍ രാജ്യത്തെ വ്യവസ്ഥകള്‍ പാലിക്കണമെന്നും നിയമ ലംഘിക്കുന്നവര്‍ക്കെതിരെ ആജീവനാന്ത വിലക്കും പിഴയും അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിലവിൽ രാജ്യത്ത് പ്രവേശിക്കുന്ന മിക്ക സന്ദർശകരും വിസ കാലയളവ് അവസാനിക്കുമ്പോൾ തിരികെ പോകുന്നുണ്ട്. ഇന്ത്യ, സിറിയ, ഈജിപ്ത്, തുർക്കിയ, ജോർദന്‍, യു.എസ്, ബ്രിട്ടൻ രാജ്യങ്ങളില്‍നിന്നുള്ളവരാണ് കൂടുതൽ സന്ദർശകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.