കുവൈത്തിലെ ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ടിന് ഇന്ത്യൻ എംബസിയിൽ അംബാസഡർ സിബി ജോർജ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയർത്തി.
ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യയുമായി മികച്ച സഹകരണവും ബന്ധവും തുടരുന്ന കുവൈത്ത് നേതൃത്വത്തിന് അംബാസഡർ തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു.
ഇന്ത്യ-കുവൈത്ത് ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും, വ്യാപാരം, നിക്ഷേപം, സംസ്‌കാരം, വിനോദസഞ്ചാരം എന്നിവയുടെ പ്രോത്സാഹനം, വിവിധ മേഖലകളിലെ സഹകരണത്തിന്റെ വിപുലീകരണം, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങി വിവിധ മേഖലകളിൽ എംബസി നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കാൻ എംബസിയുമായി കൈകോർക്കാൻ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോടുള്ള ക്ഷണം അംബാസഡർ ആവർത്തിച്ചു.
ആഘോഷ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരവിജയികൾക്കുള്ള അവാർഡ്ദാനവും അംബാസഡർ നിർവഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തിയത്. പൊതുജനങ്ങൾക്ക് പരിപാടികളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.