ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും കുവൈത്തും. ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച കുവൈത്തിലെത്തി. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ എന്നിവരുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്കാരികം, കോൺസുലർ, ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങി ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ സന്ദർശനത്തിൽ വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ അഭിപ്രായങ്ങളും പങ്കുവെച്ചു.രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകള്‍ എസ്. ജയശങ്കർ കുവൈത്ത് ഭരണാധികാരികളെ അറിയിച്ചു. കുവൈത്ത് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ എസ്. ജയശങ്കർ അഭിമാനം പ്രകടിപ്പിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിൽ നൂറ്റാണ്ടുകളുടെ സുഹൃദ് ബന്ധമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. ബന്ധങ്ങളെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കുവൈത്ത് കിരീടാവകാശിയുടെ മാർഗനിർദേശത്തിനും ഉൾക്കാഴ്ചകൾക്കും നന്ദി പ്രകടിപ്പിക്കുന്നതായും സന്ദർശന ശേഷം ജയശങ്കർ ‘എക്സി’ലെ പോസ്റ്റിൽ വ്യക്തമാക്കി.
കുവൈത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 45 ഇന്ത്യക്കാർ മരിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് സന്ദർശനം. ജൂൺ 12നാണ് കുവൈത്തിലെ മംഗഫിലെ ഏഴ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 വിദേശ തൊഴിലാളികൾ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുവൈത്തിന്റെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും എംബസി ഉദ്യോഗസഥരും എസ്. ജയശങ്കറെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.