കുവൈത്തികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഇന്ത്യയും
text_fieldsകുവൈത്ത് സിറ്റി: പുതുവർഷ അവധി നാളുകളിൽ കുവൈത്തിൽനിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഇന്ത്യയിലേക്കെന്ന് കണക്കുകൾ. ഇതിൽ ഭൂരിഭാഗവും പ്രവാസികളാണെങ്കിലും കുവൈത്തികളുടെ ഇന്ത്യയിലേക്കുള്ള സന്ദർശനവും വർധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ കുവൈത്ത് സ്വദേശികൾ കൂടുതലായി തിരഞ്ഞെടുത്തിരുന്ന പല രാജ്യങ്ങളിലേക്കും ഇത്തവണ യാത്രക്കാർ കുറഞ്ഞതായും ഡി.ജി.സി.എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, നിരവധിയാളുകളുടെ യാത്രാപ്ലാനുകളെ മാറ്റിമറിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രിയപ്പെട്ട വിനോദ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര തല്‍ക്കാലത്തേക്കെങ്കിലും വേണ്ടെന്നു വെച്ചിരിക്കുകയാണ് മിക്കവരും. മുൻവർഷങ്ങളിൽ കുവൈത്ത് പൗരന്മാരുടെ സന്ദര്‍ശന പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ബ്രിട്ടൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നെങ്കിൽ ഇത്തവണത്തെ പുതുവത്സര അവധി നാളുകളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും പ്രധാന ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തത് ഇന്ത്യൻ നഗരങ്ങളാണ്.
ഇന്ത്യയിലേക്ക് കൂടുതൽ കുവൈത്തികളെ എത്തിക്കാൻ പലവിധ ശ്രമങ്ങളും നടത്തുന്ന കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുവത്സര അവധി ആഘോഷിക്കാനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 1,82,400 പേരാണ് യാത്ര ചെയ്തത്.
ഇതിൽ 292 വിമാനങ്ങളിലായി 34,034 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത്. 193 വിമാനങ്ങളിലായി മൊത്തം 26,008 പേർ യാത്ര ചെയ്ത ഈജിപ്താണ് പട്ടികയിൽ ഇന്ത്യക്കു പിന്നിലുള്ളത്. സൗദിയും യു.എ.ഇയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.