ഇന്ത്യ ലോകത്തെ അടുത്ത സാമ്പത്തിക വളർച്ച യന്ത്രം -ഐ.ബി.പി.സി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) 'ഇന്ത്യ-ലോകത്തിന്റെ അടുത്ത സാമ്പത്തിക വളർച്ച യന്ത്രം' വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. കുവൈത്ത് ആസ്ഥാനമായുള്ള ആസിയ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ദാരി അലി അൽ റഷീദ് അൽ ബാദർ, മുംബൈ ആസ്ഥാനമായുള്ള എക്വിറ്റാസ് ഇൻവെസ്റ്റ്മെന്റ് മാനേജിങ് ഡയറക്ടർ സിദ്ധാർഥ ഭയ്യ, ഐ.ബി.പി.സി ചെയർമാൻ ഗുർവിന്ദർ സിങ് ലാംബ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യ ലോകത്തെ അടുത്ത സാമ്പത്തിക വളർച്ച യന്ത്രമായി മാറുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മേഖലയിൽ ഇന്ത്യയും വലിയ മുന്നേറ്റം നടത്തിയതായി സമിതി അഭിപ്രായപ്പെട്ടു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളുടെ ജാലകം സമാനതകളില്ലാത്തതാണെന്നും അഭിപ്രായം ഉയർന്നു.
ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് കോമേഴ്സ് ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ ഉദ്ഘാടനം ചെയ്തു. ലോകം ഇന്ത്യയിലേക്ക് നോക്കുന്ന സമയമാണിത്, വരുന്ന ദശകത്തിൽ ആഗോള വളർച്ചയുടെ അഞ്ചിലൊന്ന് ഇന്ത്യ നയിക്കുമെന്നും സ്മിത പാട്ടീൽ പറഞ്ഞു.
സ്വന്തം നിക്ഷേപത്തിലൂടെ ആസിയ ഇൻവെസ്റ്റ്മെന്റ്സ് ഇന്ത്യയുടെ വളർച്ചയുടെ ഭാഗമായി മാറിയതെങ്ങനെയെന്ന് ദാരി അലി അൽ ബാദർ പങ്കുവെച്ചു. സമ്പദ്വ്യവസ്ഥയിലെ വിപുലീകരണത്തിൽനിന്നും മധ്യവർഗത്തിൽനിന്നും നേട്ടമുണ്ടാക്കുന്നതിനാൽ ഇവ രണ്ടും ഇന്ത്യയിലെ വളർച്ച മേഖലകളായി കണക്കാക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വളർച്ചയുടെ ഇന്നത്തെ ഏറ്റവും വലിയ ഘടകം വിദ്യാഭ്യാസത്തോടുള്ള ശ്രദ്ധയാണെന്ന് സിദ്ധാർഥ ഭയ്യ അഭിപ്രായപ്പെട്ടു.
ജുമൈറ ബീച്ച് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ബിസിനസ് കൗൺസിൽ അംഗങ്ങളും കുവൈത്തിലെ വ്യവസായ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു. വിപി സുനിൽ കുമാർ സിങ് ചർച്ച നിയന്ത്രിച്ചു. ഐ.ബി.പി.സി സെക്രട്ടറി സോളി മാത്യു സ്വാഗതവും ജോയൻറ് സെക്രട്ടറി കെ.പി. സുരേഷ് നന്ദിയും പറഞ്ഞു. ട്രഷറർ സുനിത് അറോറ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.