ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
text_fieldsകുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും കുവൈത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാമത് ഫോറിൻ ഓഫിസ് കൺസൾട്ടേഷൻ (എഫ്.ഒ.സി) കുവൈത്തിൽ നടന്നു. പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമായി ഇരുപക്ഷവും വിവിധ ചർച്ചകളും അവലോകന യോഗവും നടത്തി.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി അസിം മഹാജന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘമെത്തിയത്. കുവൈത്ത് ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമിഹ് ഇസ ജൗഹർ ഹയാത്തിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘവുമായി ഇന്ത്യൻ സംഘം ഉഭയകക്ഷി ബന്ധത്തിന്റെ സമഗ്ര അവലോകനം നടത്തി.
ശക്തമായ ഉഭയകക്ഷി ബന്ധത്തിൽ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. രാഷ്ട്രീയ ബന്ധങ്ങൾ, പതിവ് ഉന്നതതല വിനിമയങ്ങൾ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
കുവൈത്ത് വിദേശകാര്യ സഹമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ നജീം, നിയമകാര്യ സഹ വിദേശകാര്യ മന്ത്രി തഹാനി റാഷിദ് അൽ നാസർ എന്നിവരുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്ചകൾ നടത്തി.
വ്യാപാരത്തിന്റെ വൈവിധ്യവത്കരണം, ഊർജം, സാമ്പത്തിക സാങ്കേതിക വിദ്യ എന്നിവയിലെ സഹകരണം, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കൽ, വിവിധ കരാറുകളും ധാരണാപത്രങ്ങളും എന്നിവയെല്ലാം ഇരുവിഭാഗവും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.