ഇന്ത്യ-കുവൈത്ത് ബന്ധം ശക്തമാക്കും -വി. മുരളീധരൻ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തി. ബുധനാഴ്ച രാവിലെ കുവൈത്തിലെത്തിയ മുരളീധരനെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ത്യക്കും കുവൈത്തിനുമിടയിലെ സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നുവരുന്ന ഉന്നതതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. കുവൈത്ത് മന്ത്രിമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ കുവൈത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ക്കുപുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
കുവൈത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വളർത്തിയെടുക്കുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും സന്ദർശനം സഹായകരമാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ, രാഷ്ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച ധീരരുടെ സ്മാരക ശിലാഫലകം മന്ത്രി അനാവരണം ചെയ്തു.
തുടർന്ന് കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഇവരുടെ പിന്തുണക്കും സംഭാവനകൾക്കും പ്രത്യേകിച്ച് കോവിഡ് പകർച്ചവ്യാധിയുടെ കാലത്തെ പ്രവർത്തനങ്ങൾക്ക് വിദേശകാര്യ സഹമന്ത്രി അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.