ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായിരുന്നു...
text_fieldsമതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ദശാബ്ദങ്ങളായി തലയുയര്ത്തിനില്ക്കുന്ന രാജ്യമാണ് ഇന്ത്യ. നാടിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും നമ്മെ വേറിട്ടുനിർത്തുന്നു.
അധിനിവേശ ശക്തികള്‍ നിരന്തരമായി ഇന്ത്യന്‍ മണ്ണിലേക്ക് കണ്ണെറിഞ്ഞപ്പോഴും ബഹുസ്വരതയില്‍ അടിയുറച്ച ഇന്ത്യയുടെ ദേശീയത അതിനെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനും തക്കവണ്ണം പ്രാപ്തമായിരുന്നുവെന്നതാണ് ചരിത്രം.
ജാതി മത വർഗ വർണ വൈരുധ്യങ്ങൾക്കതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ പോരാടിയതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യവും. ജനാധിപത്യം കൊണ്ട് വര്ണപ്പകിട്ടാര്ന്ന ഇന്ത്യയിലെ സമീപകാലത്ത് നടന്നു കൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ രാജാധിപത്യത്തെ ഓര്‍മപ്പെടുത്തുന്നു. പാരമ്പര്യങ്ങളിലും ആശയങ്ങളിലും ഒട്ടും വിശ്വാസമില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കി സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള ഏകാധിപത്യ ഭരണമാണ് അവരുടെ ലക്ഷ്യം
മുന്‍ കാലങ്ങളില്‍ ജനാധിപത്യ-മതേതര സദസ്സുകളില്‍ പറഞ്ഞുകേട്ട ആര്.എസ്.എസിന്റെ രഹസ്യ അജണ്ട എന്ന വാക്കുപോലും ഇന്നില്ല. അജണ്ടകള്‍ മുഴുവന്‍ പരസ്യമായിക്കഴിഞ്ഞു.
മോദി ഭരണത്തില്‍ തടിച്ചുകൊഴുത്തത് കോര്‍പറേറ്റുകള്‍ മാത്രമാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കൂട്ടുകച്ചവടങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം. അതിന്റെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം അയോഗ്യമാക്കിയ നടപടി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതക്ക് മങ്ങലേൽപിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം കേവലം ഒരു വ്യക്തിക്കെതിരായ നീക്കമല്ലെന്നും നാടിന്റെ നാശത്തിലേക്കുള്ള വഴി തുറക്കലാണെന്നും നാം തിരിച്ചറിയണം. അതിനെ പ്രതിരോധിക്കാൻ എല്ലാവരും മുന്നോട്ട് വരണം. പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയവൈരം മറന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് മുൻഗണന കൊടുക്കുകയും അതിനായി സമൂഹത്തെ പാകപ്പെടുത്തുകയും ജനവിരുദ്ധതയുടെയും അധികാര കേന്ദ്രത്തിന്റെ അടിക്കല്ലുകൾ ഇളക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും വേണം.
കക്ഷിരാഷ്ട്രീയത്തിനപ്പുറം ഫാഷിസത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എത്രയും വേഗം തുടർന്നില്ലെങ്കിൽ, നമ്മുടെ വരും തലമുറ ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായിരുന്നു എന്ന പാഠം പഠിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.