കേരളീയ കലകളുടെ സംഗമവേദിയായി ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: കഥകളി, മോഹിനിയാട്ടം, തിരുവാതിര, ചെണ്ടമേളം, കേരള നടനം, വഞ്ചിപ്പാട്ട്, കൂടെ കേരളീയ സദ്യയും. എല്ലാറ്റിനും സാക്ഷിയായി മാവേലിയും പുലിവേഷക്കാരും. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓണാഘോഷം കേരളീയ കലകളുടെ സംഗമവേദിയായി. സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും അദ്ദേഹം ഓണാശംസ നേർന്നു. ഇന്ത്യൻ സമൂഹത്തിനൊപ്പം കുവൈത്തികളും കാത്തിരിക്കുന്നതും ആഘോഷിക്കുന്നതുമായ ഉത്സവമായി ഓണം മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശികവും ഭാഷാപരവും മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ മറികടന്ന ഓണം ഇന്ത്യയുടെ ദേശീയ ഉത്സവമായി. ഓണം ആഘോഷിക്കുന്നതിലൂടെ നമ്മുടെ ചരിത്രത്തെയും കുടുംബമൂല്യങ്ങളെയും എല്ലാവരും ഒന്നെന്ന തത്ത്വത്തെയും കൂടിയാണ് ആഘോഷിക്കുന്നതെന്നും അംബാസഡർ ഓർമിപ്പിച്ചു.
സാംസ്കാരിക പരിപാടിയിൽ നിരവധി പേർ പങ്കാളികളും കാണികളുമായെത്തി. ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് (ഫോക്), അഞ്ജലി സ്കൂൾ ഓഫ് ഡാൻസ്, സൃഷ്ടി സ്കൂൾ ഓഫ് ക്ലാസിക് ഡാൻസ്, ഇന്ത്യൻ കമ്യൂണിറ്റി തുടങ്ങിയവർക്ക് അംബാസഡർ നന്ദി പറഞ്ഞു. ക്വിസ് മത്സര വിജയികളെ ചടങ്ങിൽ അംബാസഡർ അനുമോദിച്ചു.
കേരളത്തിലേക്ക് വരൂ... അംബാസഡർ
കുവൈത്ത് സിറ്റി: ഓണാഘോഷ സന്ദേശത്തിനിടെ എല്ലാവരെയും കേരളത്തിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സിബി ജോർജ്. കേരളം സന്ദർശിക്കുന്നത് പ്രത്യേക അനുഭവമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലായിടങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. കേരളീയ ഭൂപ്രകൃതിയും സൗന്ദര്യവും കലാരൂപങ്ങളുടെ മഹിമയും സൂചിപ്പിച്ച അംബാസഡർ കഥകളിയും കളരിപ്പയറ്റും എടുത്തുപറഞ്ഞു.
ആയുർവേദത്തിന്റെ മഹത്ത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റ് തോമസ് എത്തിയ, ചേരമാൻ ജുമാമസ്ജിദ് നിലകൊള്ളുന്ന, ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളത്തിന്റെ ചരിത്രവും അംബാസഡർ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലേക്കുള്ള അടുത്ത യാത്രയിൽ കേരളത്തെ ഉൾപ്പെടുത്താൻ കുവൈത്ത് സുഹൃത്തുക്കളെ അദ്ദേഹം ക്ഷണിച്ചു.
ഇന്ത്യൻ എംബസിയിൽ ഓണാഘോഷ ഭാഗമായി നടന്ന കലാപരിപാടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.