ഇന്ത്യൻ എംബസി ബയർ സെല്ലർ മീറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റിയുമായി സഹകരിച്ച് ഓൺലൈനായി ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു. 2021 ജനുവരി ആറിന് നടത്തിയ ബയർ സെല്ലർ മീറ്റിന്റെ തുടർച്ചയായാണ് കൃത്യം ഒരു വർഷം തികയുന്ന വേളയിൽ മീറ്റ് സംഘടിപ്പിച്ചത്. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് മറൈൻ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഒരു വർഷത്തിനിടെ കുതിച്ചുചാട്ടമുണ്ടായതായി അംബാസഡർ സിബി ജോർജ് അറിയിച്ചു. ഇന്ത്യയിലെ സമുദ്ര ഭക്ഷ്യ ഉൽപന്ന വ്യവസായത്തിന്റെ സാധ്യതകൾ സംബന്ധിച്ച് മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ കെ.എസ്. ശ്രീനിവാസ് വിവരിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ ഗിബിൻകുമാർ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സംബന്ധിച്ച് പ്രസന്റേഷൻ അവതരിപ്പിച്ചു. ക്യാപ്റ്റൻ ഫിഷർ ഫുഡ് സ്റ്റാഫ് കമ്പനി മാനേജിങ് ഡയറക്ടർ മോഹൻദാസ് ഈ വ്യവസായത്തിലെ സാധ്യതകൾ വിവരിച്ചു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് 36.1 ദശലക്ഷം ഡോളറിന്റെ സമുദ്ര ഉൽപന്ന കയറ്റുമതിയുണ്ടായതായി അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ മുതൽ ഡിസംബർ അവസാനം വരെയുള്ള കണക്കാണിത്. സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഇത് ഉയരും. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം ആകെ 39.12 ദശലക്ഷത്തിന്റെ കയറ്റുമതിയാണ് ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും കുവൈത്തിലെയും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.