ഭരണഘടന ദിനം ആഘോഷിച്ച് ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: ഭരണഘടന ദിനത്തിൽ സംവിധാൻ ദിവസ് ആഘോഷം സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. 'ഇന്ത്യയുടെ ഭരണഘടന നിർമാണം' വിഷയത്തിൽ എംബസി ലൈബ്രറിയിൽ ആരംഭിച്ച ഫോട്ടോ പ്രദർശനം അംബാസഡർ സിബി ജോർജും പത്നി ജോയ്സ് സിബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ശതകോടി അവസരങ്ങളുടെ നാടായ ഇന്ത്യയിൽ ഓരോ ചെറിയ കാര്യത്തിലും ഭരണഘടനയുടെ മഹത്വവും സ്വാധീനവും ദർശിക്കാൻ സാധിക്കുമെന്ന് ആമുഖപ്രഭാഷണത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു.
രണ്ടുവർഷവും 11 മാസവും 17 ദിവസവുമെടുത്താണ് ഭരണഘടന തയാറാക്കിയത്. പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് കെട്ടിപ്പടുത്ത് എല്ലാ പൗരന്മാർക്കും വരും തലമുറക്കും നീതിയും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കാനാണ് രാഷ്ട്ര നിർമാതാക്കൾ കഠിനാധ്വാനം ചെയ്തതെന്നും അംബാസഡർ പറഞ്ഞു. നമ്മുടെ ഭരണഘടനയുടെ പ്രാധാന്യവും സ്വാധീനവും മനസ്സിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ വർഷവും നടത്തുന്ന ഭരണഘടന ദിനാചരണം അതിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ ആമുഖം വായിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. സദസ്സ് അത് ഏറ്റുചൊല്ലി. മുംബൈ ഭീകരാക്രമണത്തിെൻറ വാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷികൾക്ക് ആദരം അർപ്പിക്കുന്ന വിഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
എംബസി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട പ്രവാസി പ്രതിനിധികളും ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. ഫേസ്ബുക്ക് ലൈവ് വഴി ആയിരങ്ങൾ ചടങ്ങ് തത്സമയം വീക്ഷിച്ചു. ഭരണഘടന നിർമാണവുമായി ബന്ധപ്പെട്ട ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.