തിളക്കത്തിൽ എംബസിയും അംബാസഡറും
text_fieldsഅംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകൾക്ക് വൻ ജനപിന്തുണ ലഭിച്ചു. ഇന്ത്യക്കു പുറത്ത് ആദ്യമായി നീറ്റ് പരീക്ഷക്ക് വേദിയൊരുക്കാൻ അവസരമുണ്ടാക്കിയത് മികച്ച നേട്ടമായി. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ എല്ലാ മാനദണ്ഡവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളും പാലിച്ച് സെപ്റ്റംബർ 12ന് എംബസിയിൽ പരീക്ഷ നടത്തി. കൂടുതൽ പ്രവേശന പരീക്ഷകളും മത്സരപ്പരീക്ഷകളും ഇന്ത്യക്കാരായ പ്രവാസികൾക്ക് കുവൈത്തിൽനിന്ന് എഴുതാൻ ഭാവിയിൽ അവസരം വരുമെന്നാണ് പ്രതീക്ഷ. റുമൈതിയയിലെ ഗാർഹികത്തൊഴിലാളി ഓഫിസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു ഇന്ത്യൻ എംബസി ജീവനക്കാരനെ സഹായത്തിന് ചുമതലപ്പെടുത്തിയതും ഇന്ത്യക്കാരുടെ മരണ രജിസ്ട്രേഷന് പ്രത്യേക കൗണ്ടർ സജ്ജമാക്കിയതും ശ്രദ്ധേയമായി. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ബോധവത്കരണവും സംഘടിപ്പിച്ചു. സ്തനാർബുദ ബോധവത്കരണവും സൗജന്യ പരിശോധനയും നടത്തി.
ഇന്ത്യയിലേക്ക് കുവൈത്ത് നിക്ഷേപം ആകർഷിക്കാനും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും ബയർ സെല്ലർ മീറ്റ്, കൈത്തറി വാരാഘോഷം, മേയ്ഡ് ഇൻ ഇന്ത്യ പ്രദർശനം ഉൾപ്പെടെ നിരവധി പരിപാടികൾ നടത്തി. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നൽകാൻ തീരുമാനിച്ചതും അതിവേഗത്തിൽ നടപടി പൂർത്തിയാക്കി അർഹരായവർക്കെല്ലാം തുക ലഭ്യമാക്കിയതും അഭിനന്ദനം ഏറ്റുവാങ്ങി. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച 120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിെൻറ സഹായത്തോടെ ഒരു ലക്ഷം രൂപ നൽകി. ഇന്ത്യൻ സമൂഹത്തിന് നേരിട്ട് സംവദിക്കാൻ അവസരമൊരുക്കി എംബസി ഓപൺ ഹൗസ് എല്ലാ മാസവും ചിട്ടയായും ഫലപ്രദമായും നടന്നുവരുന്നു. വാക്സിനേഷൻ, നാട്ടിൽ കുടുങ്ങിയവർ തുടങ്ങിയവർക്കായി രജിസ്ട്രേഷൻ ഡ്രൈവ് നടത്തി വിവരം ശേഖരിച്ച് കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരനടപടികൾക്ക് ശ്രമിച്ചു.
കോവിഷീൽഡിന് അംഗീകാരം ലഭിച്ചത് ഇത്തരത്തിലാണ്. ഫോട്ടോഗ്രഫി, വ്ലോഗിങ് മത്സരം, അംബാസഡർ കപ്പ് ചെസ്, ബാഡ്മിൻറൺ ടൂർണമെൻറ് അടക്കം നിരവധി പരിപാടികളാണ് കോവിഡ്കാല നിയന്ത്രണങ്ങളുടെ പരിമിതികൾക്കിടയിലും നടത്തിയത്. ഇന്ത്യൻ വിമൻസ് നെറ്റ്വർക്ക്, ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്ക്, ഇന്ത്യൻ വളൻറിയർ നെറ്റ്വർക്ക്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ നെറ്റ്വർക്ക് തുടങ്ങി സമാന മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേദികൾ രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.