ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും
text_fieldsകുവൈത്ത് സിറ്റി: 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി 2022 ആഗസ്റ്റ് 15ന് എംബസിക്കുകീഴിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായാണ് പരിപാടികൾ നടത്തുക.
എംബസി പരിസരത്ത് രാവിലെ എട്ടിന് അംബാസഡർ ദേശീയപതാക ഉയർത്തും. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിക്കും. ദേശീയഗാനം ആലപിച്ചു സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കുചേരാൻ കുവൈത്തിലെ ഇന്ത്യൻ പ്രവാസികളെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈത്തിലെ എല്ലാ ഇന്ത്യക്കാരും തങ്ങളുടെ വീടുകളിൽ പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ പോസ്റ്റുചെയ്യണമെന്നും സമൂഹി മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്യണമെന്നും എംബസി ആവശ്യപ്പെട്ടു.
ഇതിനായി എംബസിയിൽ പതാകകൾ ലഭ്യമാണെന്നും ആവശ്യമുള്ളവർ pic.kuwait@mea.gov.in എന്ന ഇ-മെയിലിൽ വിവരങ്ങൾ നൽകണമെന്നും അധികൃതർ അറിയിച്ചു. നേരത്തെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി എംബസി കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി 'എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി' വിപുലമായി സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും പൈതൃകവും വിദ്യാർഥികൾക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തിലാണ് ഈ പരിപാടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.