ഇന്ത്യൻ എംബസി രക്തദാന ദിനാചരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ലോക രക്തദാനദിനാചരണം സംഘടിപ്പിച്ചു. കൂടുതൽ തവണ രക്തം നൽകിയ ഇന്ത്യക്കാരെയും രക്തദാന ക്യാമ്പുകൾ നടത്തിയ സംഘടനകളെയും എംബസി ആദരിച്ചു.
കുവൈത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം നൽകുന്നത് ഇന്ത്യക്കാരാണെന്ന് ഔദ്യോഗിക രേഖകളെ അടിസ്ഥാനമാക്കി അംബാസഡർ പറഞ്ഞു. ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു മെഡിക്കൽ പ്രഫഷനലുകളെയുംപോലെ നിശ്ശബ്ദമായി നിരവധി ജീവൻ രക്ഷിക്കുന്നവരാണ് ഒരു പ്രശസ്തിയും ആഗ്രഹിക്കാതെ രക്തം ദാനം നൽകുന്നവരും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും നടത്തുന്ന സംഘടനകളെ അദ്ദേഹം അഭിനന്ദിച്ചു.
ബോധവത്കരണ പരിപാടികളിലും മറ്റും എംബസിയുടെ വിശ്വസ്ത പങ്കാളിയാണ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം എന്നും അംബാസഡർ പറഞ്ഞു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം നയിച്ച 'രക്തദാനത്തിന് പിന്നിലെ ശാസ്ത്രം' തലക്കെട്ടിലെ സിംപോസിയവും ഇതോടനുബന്ധിച്ച് നടന്നു.
രക്തം ദാനം നൽകുന്നത് സ്വീകരിക്കുന്നവർക്കു മാത്രമല്ല നൽകുന്നവർക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സജ്ന മുഹമ്മദ് പറഞ്ഞു. ഡോ. ലോവി അഗർവാൾ, ഡോ. മോഹൻ റാം, ഡോ. സണ്ണി വർഗീസ്, ഡോ. ശമീമ ശറഫുദ്ദീൻ, ഡോ. സത്യനാരായൺ രാജ് ഗണേശൻ തുടങ്ങിയവർ സംബന്ധിച്ചു. സംഗീതപരിപാടിയും രക്തദാന സന്ദേശം നൽകിയ നൃത്തപരിപാടികളും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.