കൈത്തറി വാരാഘോഷവുമായി ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കൈത്തറി ഉൽപന്നങ്ങളുടെ പ്രചാരണ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി കൈത്തറി വാരാഘോഷം സംഘടിപ്പിക്കുന്നു. ഞായറാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ ജാവലിൻ താരം നീരജ് ചോപ്രയേയും മെഡൽ നേടുകയും മത്സരിക്കുകയും ചെയ്ത മുഴുവൻ കായികതാരങ്ങളെയും അംബാസഡർ അനുമോദിച്ചു. ആഗസ്റ്റ് 15 വരെയാണ് കൈത്തറി വാരം ആഘോഷിക്കുന്നത്. ഇന്ത്യക്കും കുവൈത്ത് ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ വാണിജ്യ സഹകരണം വർധിച്ചുവരുകയാണെന്ന് അംബാസഡർ പറഞ്ഞു. പാരമ്പര്യത്തിെൻറ കരുത്തുള്ള ഇന്ത്യക്ക് ഇവിടെ അവസരങ്ങൾ ഏറെയാണ്.
ഭക്ഷ്യം, ടെക്സ്റ്റൈൽ, കെമിക്കൽസ്, രത്നങ്ങൾ, ആഭരണങ്ങൾ എൻജിനീയറിങ് ഉപകരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് സാധ്യതയുണ്ട്. ദീർഘകാല താൽപര്യങ്ങളിൽ ശ്രദ്ധയൂന്നണം. കുവൈത്തുമായി വാണിജ്യ സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യയിലെ കൈത്തറി വ്യവസായത്തെ ആഘോഷിക്കാനുമാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ കൈത്തറി ഉൽപന്നങ്ങൾ കേവലം ഒരു തുണിയല്ല, അത് വൈവിധ്യമാർന്ന പൈതൃകത്തിെൻറ സൂചകങ്ങളാണ്. ഇന്ത്യയിലെ ഒാരോ ഭാഗങ്ങൾക്കും അതിേൻറതായ പാരമ്പര്യമുണ്ട്.
സാരികൾ മാത്രമല്ല, ഷോൾ, സ്റ്റോൾ, തൊപ്പി, ടവൽ, ബെഡ് കവർ, കുഷ്യൻ കവർ, ജാക്കറ്റുകൾ, സോക്സ് തുടങ്ങിയവയെല്ലാം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൈകൊണ്ട് നിർമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുവൈത്തിലെ സാധു ഹൗസ് മ്യൂസിയം സന്ദർശിച്ചപ്പോൾ ടെക്സ്റ്റൈൽ വ്യവസായത്തിലെയും കൈത്തറി മേഖലയിലെയും ഇന്ത്യയുടെയും കുവൈത്തിെൻറയും ബന്ധം കാണാൻ കഴിഞ്ഞു.തലമുറകളായി കുവൈത്തികൾ ഇന്ത്യയിൽനിന്ന് വസ്ത്രങ്ങൾ കൊണ്ടുവരാറുണ്ട്.
ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല ഏറെ പഴക്കമുള്ളതാണ്. വസ്ത്രങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ലോകത്ത് രണ്ടാമതാണ്. കൃഷി കഴിഞ്ഞാൽ കൂടുതൽ തൊഴിൽ നൽകുന്ന മേഖലയുമാണ് ടെക്സ്റ്റൈൽ മേഖല. 60 ലക്ഷത്തിലേറെ പേർ നേരിേട്ടാ അല്ലാതെയോ ഇൗ മേഖലയിൽ തൊഴിലെടുക്കുന്നു. 350 ദശലക്ഷം ഡോളറാണ് കൈത്തറി മേഖലയുടെ കയറ്റുമതി മൂല്യം. രാജ്യത്തെ ആകെ വസ്ത്ര നിർമാണത്തിെൻറ 15 ശതമാനം കൈത്തറി മേഖലയുടേതാണ്.
ഇന്ത്യൻ കൈത്തറി മേഖലക്ക് വിപണി വിഹിതം വർധിപ്പിക്കാനാണ് ഇത്തരം ആഘോഷങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് അംബാസഡർ സിബി ജോർജ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയും പരിപാടിയോടനുബന്ധിച്ച് നടത്തി. ഇന്ത്യൻ കൈത്തറി വ്യവസായത്തെ കുറിച്ചുള്ള വിഡിയോ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.