വിപ്ലവം സൃഷ്ടിക്കാന്‍ ഇന്ത്യൻ വിദ്യാർഥികൾ; ആരോഗ്യ സേവനത്തിന് റോബോട്ടുകൾ
text_fieldsകുവൈത്ത് സിറ്റി: ലോകത്തെ പകുതിയിലേറെപേരും ഇപ്പോഴും അവശ്യ ആരോഗ്യസേവനങ്ങളുടെ പരിധിയിൽ വന്നിട്ടില്ലെന്നാണ് കണക്കുകൾ. ആരോഗ്യ സംവിധാനങ്ങളിൽ 70 ശതമാനവും നഗരങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ ജനസംഖ്യയിൽ ഭൂരിഭാഗമുള്ള ഗ്രാമപ്രദേശങ്ങളിൽ ഇവ അന്യമാകുന്നു.
ഇതിന് പരിഹാരമായി പുതിയ ആശയത്തിലൂടെ ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് നാല് ഇന്ത്യൻ വിദ്യാർഥികൾ. വില്ലേജ് ഡോക്ടര്‍ (വി-ഡോക്) എന്ന ആശയത്തിലൂടെ വിദൂരദേശങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ആരോഗ്യസേവനം എത്തിക്കുന്നതാണ് പദ്ധതി. കുവൈത്തിലെ സഹപാഠികളായ ഫാദിൽ കണ്ടപത്ത്, സൈദ് അബൂബക്കർ, അദ്നാൻ സബീർ, അലി ഹംസ അഹ്മദ് എന്നിവരാണ് ആരോഗ്യസേവന രംഗത്ത് വലിയ മാറ്റത്തിന് കാരണമായേക്കാവുന്ന ആശയത്തിന് പിന്നിൽ. ലോകത്ത് ആദ്യമായാണ് ഇത്തരം ഒരു ആശയവും പദ്ധതിയും.
വില്ലേജ് ഡോക്ടര്‍
നൂതന സാങ്കേതികവിദ്യയിലൂടെ ഗ്രാമങ്ങളിലും വിദൂര ദേശങ്ങളിലും ആരോഗ്യസേവനങ്ങൾ എത്തിക്കുന്നതാണ് വില്ലേജ് ഡോക്ടര്‍ (വി-ഡോക്) എന്ന ആശയം. റോബോട്ടിന്റെയും ഡ്രോണിന്റെയും സഹായത്താല്‍ മരുന്നുകളും ആരോഗ്യസേവനങ്ങളും വിദൂരങ്ങളിലെത്തിക്കുന്ന സംവിധാനമാണിത്.
വി-ഡോക് വഴി റോബോട്ടുകൾ വീട്ടിലെത്തുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യും. രക്തസമ്മര്‍ദം, ഗ്ലൂക്കോസ്, ശരീരോഷ്മാവ് തുടങ്ങിയവയുടെ അളവ് പരിശോധിക്കൽ, സാമ്പ്ളുകള്‍ ശേഖരിക്കൽ, ഡോക്ടർ കൺസൽട്ടേഷൻ, മരുന്നുകള്‍ വിതരണം ചെയ്യൽ എന്നിവയെല്ലാം ഇതുവഴി സാധ്യമാകും. ഇതോടെ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് പോകേണ്ടിവരില്ല.
മിടുക്കരാണ് ഈ നാലുപേർ
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും കുവൈത്തിലെ ഡി.പി.എസ് വിദ്യാർഥിയുമായ ഫാദിൽ കണ്ടപത്ത്, കണ്ണൂർ സ്വദേശിയും കുവൈത്തിൽ വിദ്യാർഥിയുമായിരുന്ന നിലവിൽ ബാഴ്സലോണയിൽ പഠിക്കുന്ന സൈദ് അബൂബക്കർ, തൃശൂർ സ്വദേശിയും കുവൈത്ത് ഡി.പി.എസ് വിദ്യാർഥിയുമായ അദ്നാൻ സബീർ, ഉത്തർപ്രദേശിലെ അലീഗഢ് സ്വദേശിയും കുവൈത്തിലെ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിയുമായ അലി ഹംസ അഹ്മദ് എന്നിവരാണ് വി-ഡോക്കിന് പിറകിൽ.
ഫാദിൽ കണ്ടപത്താണ് പദ്ധതിയുടെ ലീഡ് ഡിസൈൻ എൻജിനീയർ, സൈദ് അബൂബക്കർ ബിസിനസ് ഡയറക്ടറും അദ്നാൻ സബീർ ഡോക്യുമെന്റേഷൻ സ്പെഷലിസ്റ്റുമായി പദ്ധതിയുടെ വികസനപ്രക്രിയയിൽ പങ്കാളിയായി. അലി ഹംസ അഹ്മദ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറുടെ ചുമതലകൾ നിർവഹിക്കുന്നു.
തുടക്കം ഇങ്ങനെ
കുവൈത്തിലെ അഹ്മദി ഡി.പി.എസ് സ്കൂളിലാണ് നാലുപേരും പഠിച്ചിരുന്നത്. ഇതിനിടെ 2022ല്‍ കുവൈത്തില്‍ നടന്ന ശാസ്ത്രോത്സവത്തിൽ ഒരു പ്രോജക്ട് അവതരിപ്പിക്കാൻ നാലുപേരും ഒത്തുകൂടി. പ്രോജക്ടിന്റെ വിശദ ചർച്ചയിലാണ് വി-ഡോക് പദ്ധതി രൂപമെടുക്കുന്നത്. ആശയത്തിന്റെ പ്രാരംഭ രൂപത്തിന് അന്ന് മൂന്നാം സ്ഥാനവും ലഭിച്ചു. ഇതോടെ ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ നടത്തുകയും പിന്നീട് വലിയൊരു പദ്ധതിയായി രൂപപ്പെടുത്തുകയായിരുന്നു.
ആശയം വികസിക്കുന്നു
ആശയം ഉടലെടുത്തതോടെ എങ്ങനെ വികസിപ്പിക്കുമെന്നതായി തുടർ ചിന്തകൾ. വൈകാതെതന്നെ കൃത്യമായ രൂപവും തയാറാക്കി. ബയോ മെഡിക്കല്‍ ഓട്ടോണമസ് റോബോട്ട് ഫോര്‍ മോണിറ്ററിങ് (ബി.എ.ആര്.എം), സ്മാർട്ട് ബേസ്, ഹെൽത്ത് സെന്റർ, ട്രാൻസ്ഫർ ഡ്രോണുകൾ എന്നിവ അടങ്ങിയ എക്കോസിസ്റ്റമാണ് വി-ഡോക്കിന്റെ പ്രധാന ഭാഗങ്ങൾ.
രോഗികളുടെ വീടുകളിലെത്തി ആരോഗ്യ പരിശോധനകള്‍ നടത്താനും വിവരങ്ങൾ ശേഖരിക്കാനും മരുന്നുകള്‍ വിതരണം ചെയ്യാനും കഴിവുള്ള ഓട്ടോണമസ് മെഡിക്കൽ റോബോട്ടാണ് ബി.എ.ആര്.എം. സ്റ്റീരിയോ കാമറകള്‍, 3ഡി, 2ഡി ലിഡാര്സ്, എച്ച്.ഡി കാമറകള്‍, ഇനര്‍ഷ്യല്‍ മെഷര്‍മെന്റ് യൂനിറ്റ് എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി എല്ലായിടത്തും സഞ്ചരിക്കാനും പരിശോധിക്കാനും കഴിയും. ഡോക്ടര്‍മാരുമായി കൂടിയാലോചനയും നടത്താം. നേരിട്ടല്ലാത്ത രോഗനിർണയത്തിനും സമയോചിത ഇടപെടലുകളും ഇതുവഴി സാധ്യമാകും.
ഡ്രോണും ബി.എ.ആര്.എയും തമ്മിലുള്ള എല്ലാ ഇടപെടലുകളും സ്മാർട്ട് ബേസ് വഴിയാണ് നടക്കുക. രക്തവും മൂത്രവും പരിശോധിക്കാൻ കഴിവുള്ള ഏറ്റവും അടുത്തുള്ള ഡ്രോൺ സൗകര്യമുള്ളതാകും ഹെൽത്ത് സെന്റർ. ഹെൽത്ത് സെന്ററിനും സ്മാർട്ട് ബേസിനും ഇടയിൽ വസ്തുക്കൾ ട്രാൻസ്ഫർ ഡ്രോണുകൾ കൈമാറും. വാക്സിനുകള്‍, മരുന്നുകള്‍, മറ്റു മെഡിക്കല്‍ വസ്തുക്കൾ എന്നിവ എത്തിക്കുന്നതിന് ഡ്രോണുകൾ ഉപയോഗപ്പെടുത്താം.
പേറ്റന്റ് കിട്ടിയാൽ നിർമാണം
പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ നാലുപേരും പല സ്കൂളുകളിലായി വേർപിരിഞ്ഞെങ്കിലും തങ്ങളുടെ ആശയത്തെ ഇവർ കൈവിട്ടില്ല. തങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് ആദ്യപടിയായി സംഘം പേറ്റന്റിന് അപേക്ഷിച്ചു. ഇന്ത്യൻ സര്‍ക്കാറിന്റെ കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറല്‍ ഓഫ് പേറ്റന്റ്, ഡിസൈന്‍സ്, ട്രേഡ് മാര്‍ക്ക് വിഭാഗം ഈ വർഷം ജൂലൈ 27ന് ഇവരുടെ അപേക്ഷ സ്വീകരിച്ചു. പേറ്റന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ സ്പോൺസർമാരെ കണ്ടെത്താനും ഇന്ത്യയിൽ ഒരു സെന്റർ സ്ഥാപിച്ച് പദ്ധതിയുടെ ആദ്യരൂപം സൃഷ്ടിക്കാനുമാണ് ഇവരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.