പ്രതിരോധ ബന്ധത്തിന് സാക്ഷ്യംവഹിച്ച് ഇന്ത്യൻ പടക്കപ്പലുകൾ ജുബൈലിൽ
text_fieldsജുബൈൽ: ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വർധിച്ചുവരുന്ന പ്രതിരോധ ബന്ധത്തിന് സാക്ഷ്യംവഹിച്ച് ഇന്ത്യൻ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്റെ മുൻനിര പടക്കപ്പലുകളായ ഐ.എൻ.എസ് തർകാഷ്, ഐ.എൻ.എസ് സുഭദ്ര എന്നിവ ജുബൈലിലെത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നാവികാഭ്യാസത്തിന്റെ രണ്ടാം പതിപ്പായ ‘അൽ-മൊഹെദ് അൽ-ഹിന്ദി 2023’ന്റെ സംയുക്ത പരിശീലനം ആരംഭിക്കുന്നതോടെ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാവും. ഈ വർഷം ഒരു വിമാനവും നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
2012 നവംബർ ഒമ്പതിന് കമീഷൻ ചെയ്ത ഐ.എൻ.എസ് തർകാഷ് അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടാമത്തെ തൽവാർ ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റ് കപ്പലാണ്. എല്ലാ തലങ്ങളിലുമുള്ള ഭീഷണികളെ നേരിടാൻ പ്രാപ്തമാക്കുന്ന ആയുധ-സെൻസർ ഫിറ്റ് കപ്പലിലുണ്ട്. റഡാർ ക്രോസ് സെക്ഷൻ കുറക്കുന്നതിന് കപ്പൽ സ്റ്റെൽത്ത് സാങ്കേതികവിദ്യകളും പ്രത്യേക ഹൾ ഡിസൈനും ഉപയോഗിക്കുന്നു.
‘അമ്പുകളുടെ ആവനാഴി’ എന്നർഥം വരുന്ന ‘തർകാഷ്’ എന്ന സംസ്കൃത വാക്കിൽനിന്നാണ് ഐ.എൻ.എസ് തർകാഷ് എന്ന പേര് ലഭിച്ചത്. 2015ൽ യമനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ‘ഓപറേഷൻ റാഹത്തിൽ’ കപ്പൽ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ 2023 ഏപ്രിലിൽ സുഡാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ‘ഓപറേഷൻ കാവേരി’യിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയുടെ സുകന്യ ക്ലാസ് പട്രോളിങ് കപ്പലാണ് ഐ.എൻ.എസ് സുഭദ്ര. ധനുഷ് കപ്പൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന്റെയും അനുബന്ധ സ്റ്റെബിലൈസേഷൻ, ലോഞ്ച് പ്ലാറ്റ്ഫോമുകളുടെയും പരീക്ഷണ ബെഡ് ആയി ഐ.എൻ.എസ് സുഭദ്ര ഉപയോഗിച്ചു.
2023 മേയ് 21നാരംഭിച്ച ‘അൽ-മൊഹെദ് അൽ-ഹിന്ദി 2023’ രണ്ട് സൗഹൃദ നാവികസേനകൾ തമ്മിലുള്ള നിരവധി തീരവും കടലും അടിസ്ഥാനമാക്കിയുള്ള അഭ്യാസങ്ങൾ ഉൾക്കൊള്ളുന്നു. ജുബൈൽ തുറമുഖത്ത് എത്തിയ കപ്പലിന് റോയൽ സൗദി നേവൽ ഫോഴ്സ്, ബോർഡർ ഗാർഡ്സ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ഊഷ്മള സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.