സ്വാതന്ത്ര്യദിന സന്തോഷത്തിൽ കുവൈത്തിലെ ഇന്ത്യക്കാരും
text_fieldsകുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ എംബസി അങ്കണത്തിൽ ഒത്തുചേരാറുള്ള കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും അവസരമുണ്ടായില്ല. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൊതുസമൂഹത്തെ ക്ഷണിക്കാതെയാണ് എംബസി സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ എട്ടിന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദേശീയപതാക ഉയർത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ദേശീയ ഗാനാലാപനത്തിന് ശേഷം അംബാസഡർ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയച്ച സന്ദേശം വായിച്ചു. ഇന്ത്യ– കുവൈത്ത് ബന്ധം ചരിത്രപരവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമാണെന്ന് അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കുവൈത്തിെൻറ വികസനത്തിലും ഇന്ത്യ– കുവൈത്ത് ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിലും ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ അംബാസഡർ പ്രശംസിച്ചു.
രാഷ്ട്രത്തിെൻറ ഉയർച്ചക്ക് ഒരുമയോടെ നിലകൊള്ളേണ്ടതിെൻറ ആവശ്യകത ഉണർത്തിയ അദ്ദേഹം എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസ നേർന്നു. കുറച്ചുപേർ മാത്രം പെങ്കടുത്ത പരിപാടിയുടെ വിഡിയോ എംബസി വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും പ്രദർശിപ്പിച്ചു. വൈകീട്ട് ആറുമുതൽ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി സംഗീത സായാഹ്നവും സംഘടിപ്പിച്ചു.
75ാമത് സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷവും ഒരുമിച്ചെത്തിയത് ആഹ്ലാദകരമാണെന്നും കോവിഡ് പ്രതിസന്ധി മൂലമാണ് ആഘോഷ പരിപാടികൾ പരിമിതമായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമം, കുവൈത്തുമായുള്ള ഉന്നതതല രാഷ്ട്രീയ ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം, സാംസ്കാരികം, വിനോദസഞ്ചാരം, സ്ഥാപനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ എംബസി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അംബാസഡർ വിവരിച്ചു. വിദ്യാർഥികൾക്കായി ഒാൺലൈനായി ക്വിസ്, പ്രബന്ധ മത്സരം, ചിത്രരചന, ദേശഭക്തി ഗാന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.