ഗോ ഫസ്റ്റ് സർവിസ് ഉടൻ പുനരാരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: നിർത്തിവെച്ച ഗോ ഫസ്റ്റ് എയർലൈൻസ് സർവിസുകൾ വൈകാതെ പുനരാരംഭിക്കുമെന്ന് സൂചന. കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമ ട്രൈബ്യൂണൽ ബുധനാഴ്ച അംഗീകരിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള നടപടികൾ കമ്പനിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ഗോ ഫസ്റ്റ് സർവിസ് നിർത്തിയത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
നിലവിൽ മേയ് 19 വരെയുള്ള സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. മേയ് 24 മുതൽ കുവൈത്തിൽനിന്ന് സർവിസ് പുനരാരംഭിക്കുമെന്ന് ഗോ ഫസ്റ്റ് അധികൃതർ സൂചന നൽകി. ഈ മാസം ആദ്യം മുതലാണ് ഗോ ഫസ്റ്റ് സർവിസുകൾ താളംതെറ്റിയത്. മേയ് മൂന്നു മുതൽ അഞ്ചുവരെയാണ് ആദ്യം സർവിസുകൾ റദ്ദാക്കിയത്. തുടർദിവസങ്ങളിൽ സർവിസ് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, അടുത്ത ഘട്ടത്തിൽ ഒമ്പതുവരെയും പിന്നീട് 19 വരെയും നീട്ടുകയായിരുന്നു. സർവിസ് റദ്ദാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് വൈകാതെ പണം റീഫണ്ട് ചെയ്യുമെന്നും യാത്ര റീഷെഡ്യൂൾ ചെയ്യാൻ ഇവർക്ക് അവസരം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിലായാണ് ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നത്. അവധിക്കാലം വരാനിരിക്കെ നിരവധി പേർ ഈ വിമാനത്തിന് കുവൈത്തിൽനിന്ന് മുൻകൂട്ടി ടിക്കറ്റ് എടുത്തിട്ടുണ്ട്. സർവിസ് പുനരാരംഭിക്കുന്നത് ഇവർക്ക് ആശ്വാസമാകും.
കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമ ട്രൈബ്യൂണൽ അംഗീകരിച്ചതോടെ ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നൽകിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതിൽനിന്ന് മൊറട്ടോറിയത്തിനു കീഴിൽ സംരക്ഷണം ലഭിക്കും. പ്രഫഷനലുകൾ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.