ജി.സി.സിയുടെ നിലനിൽപ് അനിവാര്യം –കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) നിലനിൽപ് അനിവാര്യമാണെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്.
സൗദിയിലെ റിയാദിൽ ജി.സി.സി സുപ്രീം കൗൺസിലിന്റെ 43ാമത് സെഷനിൽ അമീറിന്റെ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയും ലോകവും നിർണായകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പരസ്പരണ സഹകരണം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും കിരീടാവകാശി ഉണർത്തി.
ജി.സി.സി ഉച്ചകോടികളും മന്ത്രിതല സമിതികളുടെ യോഗങ്ങളും പതിവായി നടത്തുന്നത് പരസ്പര ബന്ധത്തെ ശക്തിപ്പെടുത്തുന്നു. ഇത് തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വികസന സാധ്യതകൾ വർധിപ്പിക്കുന്നതിനും രാജ്യവും ജനങ്ങളെയും സംരക്ഷിക്കാനും ജനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കേണ്ടതിന്റെ ആവശ്യകതയും കിരീടാവകാശി ഉണർത്തി.
സൗദി ഭരണാധികാരി സൽമാൻ രാജാവിനും സൗദി നേതൃത്വത്തിനും സർക്കാറിനും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ അദ്ദേഹം അറിയിച്ചു.
ജി.സി.സി ഉച്ചകോടിയുടെ തലവനായ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിനെയും കിരീടാവകാശി അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
വിസ്മയകരമായ ഒരുക്കങ്ങളും സംഘാടനവുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിനെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.