നവീകരണ പ്രവർത്തനങ്ങൾ ഊർജിതം; മുഖം മിനുക്കാൻ ഒരുങ്ങി സൂക്ക് മുബാറക്കിയ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റായ സൂഖ് മുബാറക്കിയയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ ഊജിതമായി നടക്കുകയാണ്. ആറു ദശലക്ഷം ദീനാർ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
രണ്ടര വർഷം മുമ്പ് മുബാറക്കിയ സൂക്കില്‍ നടന്ന തീപിടുത്തം മാര്‍ക്കറ്റിലെ ഒരു ഭാഗത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിന് മറികടക്കുന്ന നിലയിലാണ് പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൂഖ് മുബാറകിയ കൂടുതൽ മികവാർന്ന രൂപത്തിലാകും. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാന്റെ നേതൃത്വത്തിലാണ് പുനർനിർമാണ പ്രക്രിയ.
സൂക്ക് മുബാറക്കിയയിലെ മാർക്കറ്റുകൾ, പാർക്കിങ് സ്ഥലങ്ങൾ, അവക്ക് സമീപമുള്ള വാണിജ്യ മേഖലകൾ, മുനിസിപ്പൽ പാർക്ക് എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്ന പദ്ധതിയും ഉണ്ട്. പഴയമയും പാരമ്പര്യവും നിലനിർത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ എല്ലാം.
കുവൈത്തിന്റെ ഏറ്റവും പൗരാണികമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ് സൂഖ് മുബാറക്കിയ. കുറഞ്ഞത് 200 വർഷമെങ്കിലും ഈ അങ്ങാടിക്ക് പഴക്കമുണ്ട്. പഴയമയും പാരമ്പര്യവും ഇഴചേരുന്ന ഇവിടം നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ്. 21,000 ത്തോളം വ്യാപാര സഥാപനങ്ങൾ ഇവിടെയുണ്ട്.
കുവൈത്ത് സിറ്റിയിൽ അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവക്കിടയിലാണ് 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുബാറകിയ സ്ഥിതി ചെയ്യുന്നത്.സൂഖ് മുബാറക്കിയയിൽ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ നേതൃത്വത്തിൽ സൗന്ദര്യവത്ക്കരണ പദ്ധതികളും നടന്നുവരിയാണ്.
ഇതിന്റെ ഭാഗമായി അടുത്തിടെ മനോഹരമായ ഹുപ്പു പക്ഷിയുടെ ചിത്രം വരച്ചുചേർത്തിരുന്നു. ബ്രിട്ടീഷ് ചിത്രകാരി മേഗൻ റസ്സലും കുവൈത്ത് ചിത്രകാരൻ യൂസുഫ് സാലിഹുമാണ് ചരിത്രപ്രാധാന്യമുള്ള സൂഖിൽ ചിത്രം തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.