ജഹ്റയിൽ ഇൻഷുറൻസ് ആശുപത്രി തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി ജഹ്റയിൽ പ്രാഥമികാരോഗ്യ കേന്ദ്രം തുറന്നു. 2095 ചതുരശ്ര മീറ്ററിൽ എട്ട് സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ ഉൾക്കൊള്ളുന്ന സംവിധാനമാണ് തുറന്നതെന്ന് കമ്പനി ചെയർമാൻ മുത്ലഖ് അൽ സനാഇ പറഞ്ഞു.
കമ്പനിയുടെ കീഴിലുള്ള നാലാമത് പ്രൈമറി ഹെൽത്ത് സെന്ററാണ് ജഹ്റയിൽ ഉദ്ഘാടനം ചെയ്തത്. അഞ്ചാമത്തെ ക്ലിനിക് 4000 ചതുരശ്ര മീറ്ററിൽ ഫഹാഹീലിൽ വൈകാതെ തുറക്കും.
45 സ്പെഷലൈസ്ഡ് ക്ലിനിക് ഉൾക്കൊള്ളുന്ന ഫഹാഹീൽ ക്ലിനിക് ദമാൻ കമ്പനിക്ക് കീഴിലുള്ള ഏറ്റവും വലിയ ക്ലിനിക് ആകുമെന്ന് കമ്പനി സി.ഇ.ഒ താമിർ അറബ് പറഞ്ഞു. ഇൻഷുറൻസ് ആശുപത്രികൾ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കരുത്തു പകരുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്ന് വലിയ ആശുപത്രികളുമാണ് നിലവിൽവരുക. അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് വലിയ ആശുപത്രികൾ പ്രവർത്തിക്കുക. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യ മേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിന്റെ പ്രായോജകരായി മാറും. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രികളും ക്ലിനിക്കുകളും ആണ് തയാറാവുന്നതെന്നും ജീവനക്കാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ അന്താരാഷ്ട്ര മാനദണ്ഡവും നിലവാരവും പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതോടെ സർക്കാർ ആശുപത്രിയിലെയും ക്ലിനിക്കുകളിലെയും തിരക്ക് ഗണ്യമായി കുറയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.