അന്താരാഷ്ട്ര യോഗദിനം: വിപുലമായ ആഘോഷമൊരുക്കി എംബസി
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗദിനത്തിൽ വിപുലമായ ആഘോഷമൊരുക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. എംബസി അങ്കണത്തിൽ പുലർച്ച അഞ്ചിന് ആരംഭിച്ച യോഗദിനാഘോഷം അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ദൈഅയിലെ ഡിപ്ലോമാറ്റിക് എൻക്ലേവിലുള്ള ഇന്ത്യൻ എംബസി കാര്യാലയത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് യോഗ ദിനാഘോഷങ്ങൾക്കായി ഒരുക്കിയത്. എംബസി മുറ്റത്ത് പരവതാനി വിരിച്ചാണ് വേദി ഒരുക്കിയത്.
500ലേറെ പേർ പങ്കെടുത്തു. ഇന്ത്യ ലോകത്തിന് നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണ് യോഗയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് അംബാസഡർ സിബി ജോർജ് പറഞ്ഞു. യോഗ എന്നത് മതാചാരമല്ലെന്നും ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിനെ പരുവപ്പെടുത്താനുള്ള ഒരു ജീവിതരീതിയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പ്രവാസികളാണ് യോഗദിന ചടങ്ങിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച പുലർച്ച എംബസി അങ്കണത്തിൽ എത്തിയത്. വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, പ്രവാസി സംഘടന നേതാക്കൾ, സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗ ദിനത്തിൽ മൈസൂരുവിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചടങ്ങിൽ വെബ്കാസ്റ്റ് ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി നേരിട്ടും ഓൺലൈനായും നിരവധി പരിപാടികൾ എംബസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്. രണ്ടു മാസത്തോളമായി യോഗ സെഷനുകൾ നടത്തിവരുന്നുണ്ടെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.