കുവൈത്തിൽ ഇന്റർനെറ്റ് തട്ടിപ്പ് വ്യാപകം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ മാർഗങ്ങളിലൂടെ ഇ-മെയിലിൽനിന്ന് വിവരങ്ങൾ ചോർത്തിയും ഹാക്ക് ചെയ്തുമാണ് തട്ടിപ്പ്. ഈവർഷം രണ്ടാംപാദത്തിൽ കുവൈത്തിൽ 7,84,043 ഫിഷിങ് ആക്രമണങ്ങൾ നടന്നതായി കാസ്‌പെർസ്‌കി സെക്യൂരിറ്റി സൊലൂഷൻസ് കണ്ടെത്തി. പുതിയ ഇന്റലിജൻസ് പഠനം അനുസരിച്ച്, ഫിഷിങ് (ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി), സോഷ്യൽ എൻജിനീയറിങ് തട്ടിപ്പ് എന്നിവ രാജ്യത്ത് വലിയരീതിയിൽ വർധിച്ചതായാണ് കണക്ക്.വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുത്ത് പണം കൈക്കലാക്കുന്ന 'ഫിഷിങ്'ആണ് ഇത്തരം സംഘങ്ങൾ വ്യാപകമായി സ്വീകരിക്കുന്നത്. ഇ-മെയിൽ വഴി മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു.
ഔദ്യോഗിക രൂപത്തിലോ മറ്റു പേരുകളിലോ ഇ-മെയിലുകൾ അയച്ച് ഉപയോക്താക്കളെ ഇവർ വലയിലാക്കുന്നു. തുടർന്ന് വിവിധ അക്കൗണ്ടുകളിലെ ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ കണ്ടെത്തുന്നു. ഇ-മെയിൽ നിയന്ത്രണം മറികടക്കുന്നതിനും അവരുടെ വെബ്‌സൈറ്റുകളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനും വിവിധ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഫിഷിങ് പേജുകൾ അറ്റാച്ച്‌മെന്റുകളായി നൽകുന്നതുവഴി തട്ടിപ്പുകാർക്ക് പല വിവരങ്ങളും ലഭിക്കും. 'ഹ്യൂമൻ ഹാക്കിങ്', 'ഫ്രോഡ്'എന്നിങ്ങനെ അറിയപ്പെടുന്ന സോഷ്യൽ എൻജിനീയറിങ് തട്ടിപ്പും കൂടിയിട്ടുണ്ട്. അശ്രദ്ധരായ ഉപയോക്താക്കളെയാണ് ഇവർ ലക്ഷ്യംവെക്കുന്നത്. വിവിധ വെബ്‌സൈറ്റുകളിലേക്ക് വശീകരിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ നൽകാൻ പ്രേരിപ്പിക്കും.
ഡേറ്റ രജിസ്ട്രേഷൻ, ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകൾ, പേമെന്റ് കാർഡ് വിശദാംശങ്ങൾ പോലുള്ള സാമ്പത്തിക അക്കൗണ്ടുകളിലേക്കുള്ള വഴികൾ കാണിച്ച് വിവരങ്ങൾ ചോർത്തും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള ലോഗിൻ വിവരങ്ങളും കൈമാറാൻ ആവശ്യപ്പെടുന്നുണ്ട്. വ്യാജമായി അവധിക്കാല സ്ഥലങ്ങൾ, മികച്ച താമസസൗകര്യം, വിലകുറഞ്ഞ ഫ്ലൈറ്റുകൾ എന്നിവ ലഭ്യമാക്കി ഉപയോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. 2022ന്റെ ആദ്യ പകുതിയിൽ, മിഡിലീസ്റ്റ്, തുർക്കി, ആഫ്രിക്ക എന്നിവിടങ്ങളിലെ വ്യക്തികൾ 4,311 തവണ ഹോട്ടൽ, എയർലൈൻ ടിക്കറ്റുകൾക്കായി 'ഫിഷിങ്'സൈറ്റുകൾ തുറക്കാൻ ശ്രമിച്ചതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പുകളിൽനിന്ന് രക്ഷനേടാൻ
- വിശ്വസനീയമല്ലാത്ത മെയിലുകൾക്ക് മറുപടി നൽകാതിരിക്കുക
- ഫോണും കമ്പ്യൂട്ടറും അപ്ഡേറ്റ് ചെയ്യുക
- പുതിയ വേർഷനിലുള്ള ബ്രൗസറുകൾ മാത്രം ഉപയോഗിക്കുക
- ആന്റി വൈറസ് സോഫ്റ്റ് വെയറുകൾ അപ്ഡേറ്റ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.