ഇന്റർനെറ്റ് തടസ്സം സേവനങ്ങളെ ഭാഗികമായി ബാധിച്ചു
text_fieldsകുവൈത്ത് സിറ്റി: അന്തർവാഹിനി കേബ്ൾ തകരാർ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളെ ഭാഗികമായി ബാധിച്ചു. കുവൈത്തിനെ സൗദി അറേബ്യയിലെ അൽ ഖോബാറുമായി ബന്ധിപ്പിക്കുന്ന കുവൈത്ത് ടെറിട്ടോറിയൽ ജലത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ഭാഗത്താണ് ഫൈബർ കേബ്ള്‍ (ഫാൽക്കൺ) തകരാർ റിപ്പോര്‍ട്ട് ചെയ്തത്.
ഇത് ബുധനാഴ്ച രാജ്യത്താകമാനം ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) പ്രശ്നപരിഹാരത്തിനായി ശ്രമം ആരംഭിച്ചു.
നിലവില്‍ 30 ശതമാനത്തിലേറെ ഇന്റർനെറ്റ് സേവനങ്ങൾ അന്താരാഷ്ട്ര കേബ്ളുകളിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മുഴുവൻ സേവനവും പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിട്ര വ്യാഴാഴ്ച അറിയിച്ചു. ഗ്ലോബൽ ക്ലൗഡ് എക്സ്ചേഞ്ച് (ജി.സി.എക്സ്) ഉടമസ്ഥതയിലാണ് ഫാൽക്കൺ അന്തർവാഹിനി ഫൈബർ കേബ്ള്‍. ജി.സി.എക്സുമായി സഹകരിച്ച് ആവശ്യമായ സാങ്കേതിക അറ്റകുറ്റപ്പണികൾ ചെയ്ത് വരുന്നതായി സിട്ര അറിയിച്ചു.
ഇന്റർനെറ്റ് സേവന തുടർച്ച ഉറപ്പാക്കുന്നതിനായി ബദൽ അന്താരാഷ്ട്ര കേബ്ളുകളിലൂടെ ഡേറ്റ ട്രാഫിക് വഴിതിരിച്ചുവിടാൻ ഇന്റർനെറ്റ് സേവന ദാതാക്കളുമായി പ്രവര്‍ത്തിക്കുന്നതായും സിട്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.