ഇഖാമ നിയമലംഘകർക്കുള്ള പിഴ പ്രതിദിനം നാലു ദീനാറാക്കണമെന്ന് ഉന്നത സമിതി
text_fieldsകുവൈത്ത് സിറ്റി: ഇഖാമ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് തങ്ങുന്ന വിദേശിയിൽനിന്ന് ഓരോ ദിവസത്തിനും നാലു ദീനാർ വീതം പിഴ ഈടാക്കണമെന്ന് നിർദേശം. ജനസംഖ്യ- തൊഴിൽ വിപണി ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉന്നത സമിതിയാണ് വിവിധ നിർദേശങ്ങളുടെ കൂട്ടത്തിൽ ഇതും സമർപ്പിച്ചത്.
ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുക, ഒരു സ്വദേശിക്ക് അനുവദിക്കുന്ന ഗാർഹിക തൊഴിൽ വിസകളുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ അഞ്ചിൽനിന്ന് മൂന്നായി ചുരുക്കുക, ഇഖാമ നിയമലംഘകർക്കുള്ള പരമാവധി പിഴ 1000 ദീനാറായി ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചു. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി പത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
വിവാഹ മോചനം ചെയ്യപ്പെട്ട കുടുംബവിസയിലെത്തിയ ഭാര്യയുടെ ഇഖാമ സ്വകാര്യമേഖലയിലേക്ക് മാറ്റാൻ അനുവദിക്കാതിരിക്കുക, സർക്കാർ കരാറിൽ ഒരു വർഷത്തെ താൽക്കാലിക വിസയിൽ കൊണ്ടുവന്ന വിദേശികളെ കരാർ തീരുന്ന മുറക്ക് നാട്ടിലേക്ക് കയറ്റിവിടുക, അവിദഗ്ധതൊഴിലാളികളെ കണിശമായ നിബന്ധനകളോടെ മാത്രം റിക്രൂട്ട് ചെയ്യുക, ഇഖാമ കാലാവധിയുള്ള പിതാക്കൾക്ക് മാത്രം ആശ്രിത വിസയിൽ മക്കളെ കൊണ്ടുവരാൻ അനുമതി നൽകുക, തന്ത്രപ്രധാന തസ്തികകളിലുള്ള സ്ത്രീകൾക്ക് മാത്രം ആശ്രിത വിസയിൽ മക്കളെ കൊണ്ടുവരാനുള്ള അനുമതി നൽകുക, 20ാം നമ്പർ വിസക്കാർ വാണിജ്യ മേഖലകളിലും വ്യാജകമ്പനികളിലും ജോലിചെയ്യുന്നത് തടയാൻ പരിശോധന ശക്തമാക്കുക, പൊതുമേഖലയിലെ വിദേശികളുടെ എണ്ണം 25 ശതമാനത്തിൽ കൂടാതിരിക്കുക, സ്വകാര്യ മേഖലകളിലേക്ക് കൊണ്ടുവരുന്ന വിദേശികളുടെ തൊഴിൽ പ്രാവീണ്യം നാട്ടിൽനിന്ന് ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളും ബന്ധപ്പെട്ട സമിതി പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ട്.
ഉന്നത സമിതിയുടെ നിർദേശങ്ങൾ പരിഗണിക്കപ്പെടുകയും പ്രാബല്യത്തിലാകുകയും ചെയ്താൽ ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് വീണ്ടും തിരിച്ചടിയാകും. നിരവധി തൊഴിലാളികളാണ് ഇത്തരത്തിൽ രാജ്യത്ത് കഴിയുന്നതെന്നാണ് റിപ്പോർട്ട്.കർശനമായി നിയമം നടപ്പാക്കിയാൽ ഇവരെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.