വീട്ടുജോലിക്കാരുടെ ഇഖാമ നടപടി സഹൽ ആപ്പിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ റെസിഡൻസ് പെർമിറ്റ് ഇനി സഹൽ ആപ്ലിക്കേഷൻ വഴി പൂർത്തിയാക്കാം. ആദ്യ തവണ ഇഖാമ അടിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം സർക്കാർ ഏകജാലക ആപ്ലിക്കേഷനായ സഹലിൽ ഉൾെപ്പടുത്തിയതായി അധികൃതർ അറിയിച്ചു.
കുവൈത്ത് പൗരന്മാർക്ക് തങ്ങളുടെ ഗാർഹികത്തൊഴിലാളികളുടെ ഇഖാമനടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സഹൽ വഴി എളുപ്പമാക്കിയത്. തൊഴിലാളി കുവൈത്തിലെത്തിയാൽ മെഡിക്കൽ പരിശോധനക്കും വിരലടയാളത്തിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രിമിനൽ റെക്കോഡ്സ് ഡിപ്പാർട്മെന്റ്, റെസിഡൻസ് അഫയേഴ്സ് സെക്ടർ എന്നിവയിലേക്കുള്ള രേഖകൾ വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് സാക്ഷ്യപ്പെടുത്തുന്നത് ഉൾെപ്പടെയുള്ള കാര്യങ്ങൾ സ്പോൺസർക്ക് സഹൽ ആപ്ലിക്കേഷൻ വഴി പൂർത്തിയാക്കാൻ കഴിയും. പൗരന്മാരുടെ സമയവും പ്രയത്നവും ലാഭിക്കാനും സേവനകേന്ദ്രങ്ങളിൽ തിരക്ക് കുറക്കാനും ഇത് സഹായകമാകുമെന്ന് സഹൽ വക്താവ് യൂസുഫ് കാസിം പറഞ്ഞു. വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യപരിശോധനയുടെ ഫലം അറിയുന്നതിനുള്ള സൗകര്യം അടുത്തിടെ സഹൽ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു.
കുവൈത്ത് പൗരന്മാർക്കും വിദേശികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇ-ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ ആപ്ലിക്കേഷനിൽ ഇതിനകം വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.