ഇറാൻ-ഇസ്രായേൽ സംഘർഷം; മേഖലയിൽ വീണ്ടും യുദ്ധഭീതി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേലിന് നേരെ ഇറാനിൽ നിന്നുണ്ടായ മിസൈൽ ആക്രമണത്തിന് പിറകെ മേഖലയിൽ വീണ്ടും യുദ്ധഭീതി. ചൊവ്വാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി ഇറാൻ ആക്രമണം നടത്തിയത്. ഇതോടെ ഇസ്രായേൽ തിരിച്ചടിക്കുമോ എന്ന ഭീതി മേഖലയിലാകെ വ്യാപിച്ചു.
സംഭവത്തിന് പിറകെ ഇസ്രായേലും അമേരിക്കയും ഫലസ്തീൻ അനുകൂല രാജ്യങ്ങളും നടത്തിയ പ്രതികരണവും യുദ്ധഭീതി നിഴലിക്കുന്നതായിരുന്നു.
ഇതിനിടെ, കുവൈത്തിലെ വിമാനക്കമ്പനികൾ യാത്ര ഷെഡ്യൂളുകൾ മാറ്റി. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായി എല്ലാ വിമാനങ്ങളുടെ റൂട്ടുകളും മാറ്റാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം നൽകി. റൂട്ടുകളിലെ മാറ്റത്തെ തുടർന്ന് ചില വിമാനങ്ങൾ വൈകി.
സുരക്ഷിതമായി വിമാനങ്ങളുടെ വരവ് ഉറപ്പാക്കിയതായും കുവൈത്തിലെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്നും വ്യോമയാന സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു.കുവൈത്ത് എയർവേസ് ചില റൂട്ടുകളിൽ ക്രമീകരണം നടത്തി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിച്ചായിരുന്നു നീക്കം.
വിമാന യാത്ര ഷെഡ്യൂളിലെ മാറ്റം അറിയാൻ വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി അപ്ഡേറ്റുകൾ പരിശോധിക്കാനും നിർദേശിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജസീറ എയർവേസ് അറിയിച്ചു. ചില ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുകയോ വൈകുകയോ ചെയ്യാം. വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.