ഫലസ്തീൻ സംഘർഷം: കുവൈത്ത്-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത്-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ ഇറാനിയൻ സഹമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ ടെലിഫോണിൽ വിളിക്കുകയായിരുന്നു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും സമകാലിക സംഭവങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരസ്പര സഹകരണവും ചർച്ചയിൽ ഉൾപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സംഘർഷത്തിന്റെ വ്യാപ്തി വികസിക്കുന്നത് തടയുക, പിരിമുറുക്കം ലഘൂകരിക്കുക, നിരപരാധികളുടെ ജീവൻ സംരക്ഷിക്കുക, ഗസ്സയിലേക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും വിതരണം ചെയ്യുക എന്നിവയുടെ ആവശ്യകത ശൈഖ് സലിം സംഭാഷണത്തിൽ സൂചിപ്പിച്ചു. പൊതുവായ ആശങ്കയുള്ള മറ്റ് വിഷയങ്ങളും ഇരു മന്ത്രിമാരും വിലയിരുത്തി.
ഞങ്ങൾ നിങ്ങളുടെ അരികിലുണ്ട്...
കുവൈത്ത് സിറ്റി: ഇസ്രായേലിനെതിരായ നീക്കത്തിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് വിമൻ അസോസിയേഷനുകളുടെ യൂനിയൻ. ശത്രുവിനെ നേരിടുകയും തങ്ങളുടെ മാതൃരാജ്യത്തിന്റെ വിമോചനത്തിനായി രക്തസാക്ഷിത്വം സ്വീകരിക്കുകയും ചെയ്യുന്ന ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ച യൂനിയൻ മേധാവി ശൈഖ ഫാദിയ സാദ് അൽബ്ദുല്ല അൽസലേം അസ്സബാഹ് ചരിത്രത്തിനും അന്തസ്സിനുമുള്ള പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സൂചിപ്പിച്ചു. രക്തസാക്ഷിത്വത്തെ ഭയക്കാത്ത ഫലസ്തീൻ ധീരന്മാരുടെ പോരാട്ടമാണ് ഇതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ മുനമ്പിന് ചുറ്റുമുള്ള ഉറപ്പുള്ള വേലി ലംഘിച്ച് ലോകത്തെ അമ്പരപ്പിക്കുകയും ഇസ്രായേലിൽ കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്ത ഫലസ്തീൻ പോരാളികളെ അവർ പ്രശംസിച്ചു.
ഞങ്ങൾ നിങ്ങളുടെ അരികിലുണ്ട്, അവകാശങ്ങളും സ്വതന്ത്ര രാഷ്ട്രവും നേടിയെടുക്കുന്നതുവരെ നിങ്ങളെ പിന്തുണക്കുന്ന അചഞ്ചലമായ നിലപാട് ഞങ്ങൾ ഉറപ്പിക്കുന്നു എന്നും ഫലസ്തീനികളെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.