ഇറാൻ വിദേശകാര്യ മന്ത്രി കുവൈത്തിൽ; ഉന്നത കൂടിക്കാഴ്ചകൾ നടത്തി
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്സി കുവൈത്തിലെത്തി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ എന്നിവരുമായി അബ്ബാസ് അരാഗ്സി കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹിന് അയച്ച കത്ത് അബ്ബാസ് അരാഗ്സി കിരീടാവകാശിക്ക് കൈമാറി.
വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുമായും അബ്ബാസ് അരാഗ്സി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സഹകരണം വർധിപ്പിക്കൽ, ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവവികാസങ്ങൾ എന്നിവ കൂടികാഴ്ചയിൽ ഇരുവരും വിലയിരുത്തി.
ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് പതിനായിരക്കണക്കിന് ഡോളർ കവിയുന്നതായും രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണത്തിന്റെ നിരവധി മേഖലകളുണ്ടെന്നും അരാഗ്സി പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കാളികളായി.
ആക്രമണങ്ങളോട് സമാനമായി പ്രതികരിക്കും -ഇറാൻ വിദേശകാര്യമന്ത്രി
കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള ഏത് ആക്രമണത്തോടും സമാനമായി പ്രതികരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്സി. ഇറാനിലെ ആണവ കേന്ദ്രങ്ങളെയോ സൗകര്യങ്ങളെയോ ലക്ഷ്യം വെക്കുന്ന ഇസ്രായേൽ സാധ്യതയെക്കുറിച്ച് കുവൈത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണവും എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഗസ്സയിലെയും ലബനനിലെയും സാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ച അബ്ബാസ് അരാഗ്സി ഇസ്രായേൽ നടത്തുന്ന യുദ്ധം സമഗ്രമായി അവസാനിപ്പിക്കാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. ഈ വിഷയത്തിൽ എല്ലാ വഴികളും പിന്തുടരുകയാണെന്നും ബന്ധപ്പെട്ട രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.