ഇറാഖ് സഹായ ഉച്ചകോടി: പ്രതീക്ഷിച്ചത് 88 ബില്യൻ ഡോളർ; കിട്ടിയത് 30 ബില്യൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ഇറാഖ് സഹായ ഉച്ചകോടിയിൽ സമാഹരിക്കാനായത് 30 ബില്യൻ ഡോളർ. വായ്പയും നിക്ഷേപവും സഹായവും ചേർന്നതാണിത്. 76 രാഷ്ട്രങ്ങൾ, 51 അന്താരാഷ്ട്ര വികസന നിധികൾ, 107 തദ്ദേശീയ-അന്തർദേശീയ സന്നദ്ധ സംഘടനകൾ, 1850 സ്വകാര്യ മേഖലാ പ്രതിനിധികൾ എന്നിവയിൽനിന്നുള്ള ആകെ വിഭവസമാഹരണമാണ് 30 ബില്യൻ ഡോളർ.
88 ബില്യൻ ഡോളർ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. അതിെൻറ പകുതി പോലും ആയില്ലെങ്കിലും ഇറാഖിെൻറ വികസന ചരിത്രത്തിൽ പുതിയ തുടക്കവും നാഴികക്കല്ലുമാവാൻ കുവൈത്ത് മുൻകൈയെടുത്ത് സംഘടിപ്പിച്ച സഹായ ഉച്ചകോടിക്കാവുമെന്നാണ് കരുതുന്നത്. അനിശ്ചിതാവസ്ഥ പൂർണമായി മാറാത്തതു കൊണ്ട് സ്വകാര്യ മേഖലയിൽനിന്നുള്ള നിക്ഷേപം പ്രതീക്ഷിച്ചത്രയുണ്ടായില്ല. ഇൗ തുടക്കം കൈമുതലാക്കി ഇറാഖ് സ്ഥിരത കൈവരിക്കുന്നതോടെ കൂടുതൽ കമ്പനികൾ നിക്ഷേപത്തിന് തയാറാവുമെന്ന് കരുതാം.
സമ്മേളനത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്നും നിക്ഷേപ പദ്ധതികൾ തുടരുമെന്നുമുള്ള കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് അബ്ദുൽ വഹാബ് അൽ വസാൻ പറഞ്ഞത് ഇതിനെ അടിവരയിടുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള 420 വിദഗ്ധർ ചേർന്ന് തയാറാക്കിയ പുനരുദ്ധാരണ പദ്ധതിയും മുതൽക്കൂട്ടാണ്. ഏറ്റവും വലിയ തുക വാഗ്ദാനം ചെയ്തത് തുർക്കിയാണ്. തുർക്കി അഞ്ചു ബില്യൻ ഡോളർ വായ്പ നൽകാമെന്നേറ്റപ്പോൾ സൗദി ഒരു ബില്യൻ ഡോളർ സഹായമായി നൽകും. 500 മില്യൻ ഡോളറിെൻറ പദ്ധതിയും സൗദി ഏറ്റെടുക്കും. ഒരു ബില്യൻ ഡോളർ വായ്പയും ഒരു ബില്യൻ ഡോളർ നിക്ഷേപവുമാണ് ആതിഥേയരായ കുവൈത്ത് വാഗ്ദാനം ചെയ്തത്.
ഖത്തർ ഒരു ബില്യൻ ഡോളറിെൻറ നിക്ഷേപ പദ്ധതി ഏറ്റെടുത്തപ്പോൾ യു.എ.ഇ 500 മില്യൻ ഡോളർ നൽകും. ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് 500 മില്യൻ ഡോളർ വായ്പ നൽകും. 500 മില്യൻ ഡോളർ തന്നെയാണ് അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്മെൻറിെൻറയും വാഗ്ദാനം. യൂറോപ്യൻ യൂനിയൻ 400 മില്യൻ ഡോളർ പ്രഖ്യാപിച്ചു. 61.7 കോടി ഡോളറാണ് ജർമനിയുടെ വാഗ്ദാനം. യുഎസ് സാമ്പത്തിക വിഹിതമൊന്നും പ്രഖ്യാപിച്ചില്ല. എന്നാൽ, അമേരിക്കൻ സ്ഥാപനങ്ങൾ ഇറാഖിൽ നിക്ഷേപത്തിനു 300 കോടി ഡോളർ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 337 മില്യൺ ഡോളർ ആണ് സന്നദ്ധ സംഘടനകളുടെ യോഗത്തിൽനിന്ന് പിരിഞ്ഞുകിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.