Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇറാഖ് അധിനിവേശത്തിന്...

ഇറാഖ് അധിനിവേശത്തിന് 33 വയസ്സ്;ഓർമകളിൽ ആ കറുത്ത ദിനങ്ങൾ

text_fields
bookmark_border
ഇറാഖ് അധിനിവേശത്തിന് 33 വയസ്സ്;ഓർമകളിൽ ആ കറുത്ത ദിനങ്ങൾ
cancel
camera_alt

അധിനിവേശ കാലത്ത് തകർക്കപ്പെട്ട കെട്ടിടം, അധിനിവേശ സമയത്ത് കുവൈത്തിലെ ബീച്ച്

കുവൈത്ത് സിറ്റി: മുപ്പത്തി മൂന്ന് വർഷം മുമ്പ്, 1990 ആഗസ്റ്റ് രണ്ട്. കുവൈത്തിന് പതിവുപോലൊരു പുലരിയായിരുന്നില്ല അന്ന്. ശാന്തസുന്ദരമായിരുന്ന ഒരു രാജ്യം ആ പുലരിയോടെ അധിനിവേശ സേനയുടെ കെടുതികളാൽ ഇരുണ്ട ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇരുട്ടിന്റെ മറവിൽ പുലർച്ചെ രണ്ടുമണിക്ക് കുവൈത്തിലേക്ക് കടന്നു കയറിയ ഇറാഖീ സൈന്യം രാജ്യത്തെ മുച്ചൂടും മുടിപ്പിച്ചു. നിരവധി പേർ അനാഥരായി, അനേകം പേർ പലായനം ചെയ്തു. മുപ്പത്തി മൂന്ന് വർഷങ്ങൾക്കിപ്പുറം സമ്പദ് സമൃതിയുടെ പിൻബലത്തിൽ കുവൈത്ത് നടുനിവർത്തി നിൽക്കുമ്പോഴും, അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്​മരണ ഇന്നും ഈ മണ്ണിലുണ്ട്.

കുവൈത്തിനെ ഇറാഖിന്റെ ഭാഗമാക്കുകയും 19ാമത് ഗവർണറേറ്റ് ആക്കി അടക്കിഭരിക്കുകയുമായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. കുവൈത്തിലേക്ക് കടന്നുകയറിയ ഇറാഖീ സൈന്യത്തിനും ടാങ്കുകൾക്കും മുന്നിൽ കുവൈത്തിന്റെ പ്രതിരോധ സേന പൊരുതി നോക്കിയെങ്കിലും അതിവേഗം അടിച്ചമർത്തപ്പെട്ടു. ബാക്കിയായ ജനങ്ങൾ സൗദി അറേബ്യയിലേക്ക് പിൻവാങ്ങി. കുവൈത്ത് അമീറും കുടുംബവും മറ്റ് സർക്കാർ നേതാക്കളും സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ കുവൈത്ത് സിറ്റി പിടിച്ചെടുത്ത ഇറാഖികൾ പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ചു. കുവൈത്ത് പിടിച്ചടക്കുന്നതിലൂടെ ഇറാഖിന് ലോകത്തിലെ എണ്ണശേഖരത്തിന്റെ 20 ശതമാനത്തിന്റെ നിയന്ത്രണവും കൈവന്നു.

അതേ ദിവസം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഏകകണ്ഠമായി അധിനിവേശത്തെ അപലപിക്കുകയും കുവൈത്തിൽ നിന്ന് ഇറാഖ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്റ് ആറിന് സെക്യൂരിറ്റി കൗൺസിൽ ഇറാഖുമായുള്ള വ്യാപാരത്തിന് ആഗോള നിരോധനം ഏർപ്പെടുത്തി. 1991 ജനുവരി 15-നകം ഇറാഖ് പിൻവലിഞ്ഞില്ലെങ്കിൽ ഇറാഖിനെതിരെ ബലപ്രയോഗത്തിന് അനുമതി നൽകുന്ന പ്രമേയം നവംബർ 29-ന് യു.എൻ രക്ഷാസമിതി പാസാക്കി. എന്നാൽ, ഇറാഖിന്റെ ഒരു പ്രവിശ്യയായി താൻ പ്രഖ്യാപിച്ച കുവൈത്തിൽ നിന്ന് സേനയെ പിൻവലിക്കാൻ സദ്ദാം ഹുസൈൻ വിസമ്മതിച്ചു.

ഇതോടെ 1991 ജനുവരി 16 ന് ‘ഓപറേഷൻ സാൻഡ് സ്​റ്റോം’ എന്ന പേരിൽ അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ 34 രാജ്യങ്ങൾ അടങ്ങിയ സഖ്യസേന ഇറാഖിനെതിരെ പ്രത്യാക്രമണം ആരംഭിച്ചു. സൗദി അറേബ്യയിൽ നിന്നും പേർഷ്യൻ ഗൾഫിലെ യു.എസിന്റെയും ബ്രിട്ടന്റെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്നും യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ശക്തമായ ആക്രമണത്തിൽ ഇറാഖ് വിറച്ചു. ഫെബ്രുവരി 24ന്, സഖ്യസേന കര ആക്രമണം ആരംഭിച്ചതോടെ ഇറാഖ് സായുധസേന അതിവേഗം കീഴടങ്ങി. 1991 ഫെബ്രുവരി 26ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.

നഷ്ടങ്ങൾ മാത്രം ബാക്കി

ഇറാഖ് അധിനിവേശവും യുദ്ധവും വൻ നഷ്ടങ്ങളാണ് കുവൈത്തിന് വരുത്തിയത്. രാജ്യത്തിെൻറ സാമ്പത്തിക ശക്​തിസ്രോതസ്സായ എണ്ണക്കിണറുകൾ ഇറാഖ് സൈന്യം തേടിപ്പിടിച്ച് തീയിട്ടു. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. ആകാശം മുട്ടെ ഉയർന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു മാസങ്ങളോളം രാജ്യം. 2231 കുവൈത്തികൾ ഇറാഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്​ഥാന സൗകര്യങ്ങളെല്ലാം തകർന്നു. നൂറുകണക്കിന് കെട്ടിടങ്ങളും മറ്റും ഇടിച്ചുനിരത്തപ്പെട്ടു. പതിനായിരങ്ങൾ പലായനം ചെയ്തു.

ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തി​െൻറ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് നഷ്​ടമായപ്പോൾ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്.

മറുവശത്ത് ഇറാഖിനും നഷ്ടംമാത്രമാണ് യുദ്ധം ബാക്കി നൽകിയത്. കുറഞ്ഞത് 25,000 ഇറാഖി സൈനികർ കൊല്ലപ്പെടുകയും 75,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നു കണക്കാക്കുന്നു. യുദ്ധം മൂലമുള്ള മുറിവുകൾ, ആവശ്യത്തിന് വെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവയുടെ അഭാവം എന്നിവ കാരണം പതിനായിരക്കണക്കിന് ഇറാഖി സിവിലിയന്മാരും മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. തുടർന്നുള്ള വർഷങ്ങളിൽ യു.എൻ ഉപരോധത്തിന്റെ ഫലമായി ഇറാഖി ജനതക്ക് വലിയ ദുരിതങ്ങൾ നേരിടേണ്ടിയും വന്നു.

മുറിവുണങ്ങും, അതിരുകൾ തെളിയും

അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്​മരണകൾക്കിടയിലും ഇറാഖുമായി ഊഷ്​മളമായ അയൽബന്ധത്തിലാണ്​ കുവൈത്ത് ഇപ്പോൾ. കാലം മുറിവുകളെയെല്ലാം മായ്ച്ചുകളയുകയാണ്.

ഇറാഖും കുവൈത്തും തങ്ങളുടെ അതിർത്തികൾ വേർതിരിക്കുന്ന കാര്യത്തിൽ തർക്കമുള്ള സമുദ്രമേഖല ഉൾപ്പെടെ കൃത്യമായ കരാറിലെത്താൻ ശ്രമിക്കുമെന്ന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. അധിനിവേശത്തിന് പിറകെ ഇറാഖ് തങ്ങളോട് ചേർത്ത കുവൈത്ത് അതിർത്തികൾ മൂന്ന് വർഷത്തിന് ശേഷം ഐക്യരാഷ്ട്രസഭയാണ് പുനർനിർണയിച്ചത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ യഥാർഥ കര, സമുദ്ര അതിർത്തികൾ 1993 ലാണ് യു.എൻ സ്ഥാപിച്ചത്. കുവൈത്തിന്റെ കര അതിർത്തി അംഗീകരിക്കാൻ ഇറാഖി ഉദ്യോഗസ്ഥർ നേര േത്ത സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും സമുദ്രാതിർത്തി തർക്കവിഷയമായി തുടരുകയായിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന മറ്റു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സമുദ്രാതിർത്തി നിർണയിക്കുന്നതിനും സമവായവും രൂപപ്പെടുത്തിയിട്ടുണ്ട്.

അധിനിവേശ ദിനങ്ങളെ അനുസ്മരിച്ച് മന്ത്രിസഭ

കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശ ദിനങ്ങളെയും വിമോചനത്തേയും മന്ത്രിസഭ അനുസ്മരിച്ചു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിവാര യോഗം ഇറാഖി സൈന്യം ചെയ്ത കുറ്റകൃത്യങ്ങളും കുവൈത്ത് ഭരണകൂടവും ജനങ്ങളും വേദനയോടെയും കയ്പോടെയും കടന്നുപോയതും ചൂണ്ടികാട്ടി.

അന്തരിച്ച അമീർ ശൈഖ് ജാബിർ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് സാദ് അൽ അബ്ദുല്ല അൽ സലിം അസ്സബാഹ്, അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ കുവൈത്തിനെ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ആദരവോടെ അനുസ്മരിക്കുന്നതായും മന്ത്രിസഭ അറിയിച്ചു.

ദേശീയ ഐക്യത്തിന്റെ മാതൃകയായ കുവൈത്ത് ജനതയുടെ ദൃഢതയും അധിനിവേശ സേനക്കു മുന്നിൽ അവരുടെ വീര ത്യാഗവും മന്ത്രിസഭ ഓർമിപ്പിച്ചു. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ മഹത്തായ ത്യാഗങ്ങളും മന്ത്രിസഭ അനുസ്മരിച്ചു. കുവൈത്തിന്റെ മോചനത്തിന് പിന്തുണച്ച സഹോദര-സൗഹൃദ രാജ്യങ്ങൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaiIraqi invasion33 years
News Summary - Iraqi invasion
Next Story