രാജ്യത്ത് ഒറ്റപ്പെട്ട മഴ; കാലാവസ്ഥ മാറ്റം വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചനകൾ അനുഭവപ്പെട്ടുതുടങ്ങി. ബുധനാഴ്ച വിവിധ ഇടങ്ങളിൽ മഴ എത്തി. ഉച്ചയോടെ ചെറിയ രീതിയിൽ പെയ്ത മഴ ശക്തി പ്രഖ്യാപിച്ചില്ല. ഇതിനാൽ ഗതാഗതവും ജനജീവിതവും സാധാരണ നിലയിലായിരുന്നു. ജഹ്റ, അഹമ്മദി, സബാഹ് അൽ അഹ്മദ്, വഫ്ര, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽ ചാറ്റൽമഴ എത്തി. ഫർവാനിയയിൽ ആകാശം മൂടിക്കെട്ടിയെങ്കിലും പകൽ മഴ ഒഴിഞ്ഞുനിന്നു. രാജ്യത്ത് ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച പുലർച്ച വരെ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
ഇതിനാൽ ആളുകൾ മുൻകരുതൽ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയും മഴ പെയ്യാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചന നൽകിയിരുന്നെങ്കിലും ഉണ്ടായില്ല. അതേസമയം, ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഴക്കാലം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ചയിലെ ചാറ്റൽ മഴയോടെ രാജ്യത്ത് താപനിലയിൽ വലിയ കുറവ് അനുഭവപ്പെട്ടു.
പകലും രാത്രിയും സുഖകരമായ താപനിലയും കാലാവസ്ഥയുമാണ് നിലവിൽ അനുഭവപ്പെടുന്നത്. രാജ്യത്ത് ശൈത്യകാലം ഒക്ടോബർ പകുതിയോടെ ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ നേരത്തേ വ്യക്തമാക്കിയിരുന്നു. ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസം നീളും. ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകൽ താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. തുടർന്ന് താപനില കുറഞ്ഞുവരികയും കടുത്ത തണുപ്പുകാലത്തേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.