ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം; മേഖലയിൽ വീണ്ടും അനിശ്ചിതത്വം
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ മേഖലയിൽ രൂപപ്പെട്ട പുതിയ അനിശ്ചിതത്വം സൂക്ഷ്മമായി നിരീക്ഷിച്ച് കുവൈത്ത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് പിറകെ മേഖലയിൽ ആശങ്കകൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇറാനിൽ കൊലപ്പെടുത്തിയത് ഇതിന് ആക്കം കൂട്ടിയിരിക്കുകയാണ്.
സംഭവത്തിൽ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വിവിധ രാജ്യങ്ങൾ. ലബനാനെതിരെയുള്ള ഇസ്രായേൽ ആക്രമണവും മറ്റൊരു കാരണമാണ്. ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ ഇറാന്റെയും തുർക്കിയയുടെ പ്രതികരണവും ലോകം നിരീക്ഷിച്ചു വരുകയാണ്. സംഭവത്തിൽ ഇസ്രായേലിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഇരു രാജ്യങ്ങളും നടത്തിയത്. ജി.സി.സി രാജ്യങ്ങളും ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ചു. ഇതിനു പിറകെ അയൽക്കാർക്കും സഖ്യകക്ഷികൾക്കും എതിരെ സൈനിക പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിന്റെ ഭൂമിയോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ സഖർ വ്യക്തമാക്കുകയുമുണ്ടായി. ആക്രമണത്തിനുള്ള ലോഞ്ച്പാഡായി കുവൈത്തിനെ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര സാഹചര്യമുണ്ടായാൽ ലോകമെമ്പാടുമുള്ള എല്ലാ കുവൈത്ത് എംബസികളും പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ ഉദ്ദരിച്ച് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. പ്രാദേശിക സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും ഏത് സാഹചര്യത്തിലും പ്രതികരിക്കാൻ വിവിധ തലങ്ങളിൽ സജ്ജമാണെന്നും അൽ യഹ്യ വ്യക്തമാക്കി. അതിനിടെ, ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന സൂചനയിൽ യു.എസ് അധിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മിഡിലീസ്റ്റിലേക്ക് വിന്യസിക്കാൻ തയാറായിട്ടുണ്ട്. എയർ ഫ്രാൻസ്, ജർമനിയുടെ ലുഫ്താൻസ, യു.എസിലെ ഡെൽറ്റ ആൻഡ് യുനൈറ്റഡ്, സ്വിസ് ഇന്റർനാഷനൽ എയർ, ഹംഗറിയുടെ ബജറ്റ് എയർലൈൻ വിസ് എയർ, എയർ ഇന്ത്യ, ഗ്രീസിലെ ഈജിയൻ, പോളണ്ടിന്റെ എൽ.ഒ.ടി, ഇറ്റലിയുടെ ഐ.ടി.എ, നെതർലാൻഡ്സിന്റെ കെ.എൽ.എം തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി. ഇസ്രായേലിലേക്കും ജോർഡനിലേക്കുമുള്ള എല്ലാ വിമാനങ്ങളും വിസ് എയറും താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ലബനാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് കുവൈത്ത് എയർവേസ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.