ഇസ്രായേൽ ആക്രമണം: ഭക്ഷ്യസഹായവുമായി കെ.ആർ.സി.എസ് ഗസ്സയിൽ
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ആക്രമണങ്ങൾക്കിടയിലും ഫലസ്തീനികൾക്ക് ഭക്ഷണവും മറ്റ് അടിയന്തര വസ്തുക്കളുമായി കെ.ആർ.സി.എസ് ഗസ്സയിലും മറ്റു പ്രദേശങ്ങളിലും സജീവമാണെന്ന് അസോസിയേഷൻ അറിയിച്ചു. ഇസ്രായേൽ ആക്രമണം മൂലം വീടുകളിൽ നിന്ന് പലായനം ചെയ്ത് അഭയകേന്ദ്രങ്ങളിൽ എത്തിയ ഫലസ്തീനികൾക്ക് കെ.ആർ.സി.എസ് ടീമുകൾ ചൊവ്വാഴ്ച ഭക്ഷണം വിതരണം ചെയ്തതായി സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു.
ടീമുകൾ ഗസ്സയിലുണ്ടെന്നും ജനങ്ങൾക്ക് കൂടുതൽ അടിയന്തര വൈദ്യ, ഭക്ഷണ ആവശ്യങ്ങൾ എത്തിക്കാൻ അവരുമായി സമ്പർക്കം പുലർത്തിവരുകയാണെന്നും അവർ വ്യക്തമാക്കി. ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി ഏകോപിപ്പിച്ച്, ഗസ്സയിലെ സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ ദുരിതാശ്വാസ, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ ഒരു സംഘത്തെ തയാറാക്കിയിട്ടുണ്ട്. ഇസ്രായേൽ അധിനിവേശം മൂലമുള്ള ദാരുണമായ അവസ്ഥയിൽ ഫലസ്തീൻ ജനതയെ പിന്തുണക്കാൻ അൽ ബർജാസ് അഭ്യർഥിച്ചു. സൊസൈറ്റിയുടെ വെബ്സൈറ്റ് വഴി സംഭാവന നൽകി ‘എയ്ഡ് ഫലസ്തീൻ’ കാമ്പയിനിൽ പങ്കെടുക്കാൻ കുവൈത്ത് പൗരന്മാരോടും താമസക്കാരോടും സ്വകാര്യ മേഖലകളോടും അൽ ബർജാസ് ആഹ്വാനം ചെയ്തു.
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആവശ്യമായ ആശ്വാസവും വൈദ്യസഹായവും നൽകാനും ലക്ഷ്യമിട്ടുള്ള ‘എയ്ഡ് ഫലസ്തീൻ’ എന്ന പേരിലുള്ള സംഭാവന കാമ്പയിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തിങ്കളാഴ്ച തുടക്കമിട്ടിരുന്നു. ഫലസ്തീൻ ജനതയ്ക്കായി സാമൂഹ്യകാര്യ മന്ത്രാലയം ഞായറാഴ്ച അടിയന്തിര ദുരിതാശ്വാസ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി മെഡിക്കൽ, സർജിക്കൽ ടീമുകൾ രൂപവത്കരിക്കാനുള്ള സന്നദ്ധത കുവൈത്ത് സർജൻസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.