ഇസ്രായേൽ ആക്രമണം: ഐ.സി.ജെ മുമ്പാകെ കുവൈത്തും
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണത്തിന്റെ കെടുതികളും പ്രത്യാഘാതങ്ങളും കുവൈത്ത് അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുമ്പാകെ അവതരിപ്പിക്കും. ഫലസ്തീനിനെ ഇസ്രായേൽ അധിനിവേശവും ആക്രമണവും സംബന്ധിച്ച് 52 രാജ്യങ്ങളിൽനിന്ന് വാദമുഖങ്ങൾ കേൾക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) തീരുമാനപ്രകാരമാണിത്. ഫെബ്രുവരി 19നും 26നും ഇടയിലാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിവിധ രാജ്യങ്ങളുടെ ഹിയറിങ്. ഈ രാജ്യങ്ങൾക്കു പുറമെ അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി), ആഫ്രിക്കൻ യൂനിയൻ എന്നീ സംഘടനകളും തങ്ങളുടെ കേസുകൾ ഉന്നയിക്കും.
ഫെബ്രുവരി 22ന് കുവൈത്ത് തങ്ങളുടെ വാദം ഉന്നയിക്കും. ഫലസ്തീൻ വിഷയത്തിൽ എന്നും ശക്തമായ നിലപാട് തുടരുന്ന രാഷ്ട്രമാണ് കുവൈത്ത്. ഇസ്രായേൽ ആക്രമണത്തിന് പിറകെ ഫലസ്തീന് സഹായവാഗ്ദാനങ്ങളുമായി ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിൽ ഒന്നുമാണ് കുവൈത്ത്. ജറൂസലം ആസ്ഥാനമായി ഫലസ്തീൻ സ്വതന്ത്രരാഷ്ട്രം എന്ന ആവശ്യത്തെ കുവൈത്ത് പിന്തുണക്കുന്നു. ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഗസ്സയിലേക്ക് സ്വതന്ത്രമായി സഹായവസ്തുക്കൾ എത്തിക്കാൻ സൗകര്യം ഒരുക്കണമെന്നും കുവൈത്ത് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ദേശീയ അസംബ്ലി പ്രത്യേക സമ്മേളനം ചേരുകയും പലസ്തീന് പൂർണ പിന്തുണയും ഇസ്രായേൽ ആക്രമണത്തെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം കുവൈത്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.