ഇസ്രായേൽ ആക്രമണം; റഫയിലെ കുവൈത്ത് ആശുപത്രി പ്രവർത്തനം നിർത്തി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ സേനയുടെ നിരന്തര ആക്രമണങ്ങൾ കാരണം റഫയിലെ കുവൈത്ത് സ്പെഷാലിറ്റി ഹോസ്പിറ്റൽ പ്രവർത്തനം നിർത്തിവെച്ചു. ഇസ്രായേൽ റഫയിലെ ആക്രമണം വർധിപ്പിച്ചതും ആശുപത്രിയിലും പരിസരത്തും നടത്തുന്ന ആവർത്തിച്ചുള്ളതും ആസൂത്രിതവുമായ ആക്രമണങ്ങളും മൂലമാണ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതെന്ന് കുവൈത്ത് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ് വ്യക്തമാക്കി.
അടുത്തിടെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. നേരത്തേ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും അൽ മൊവാസി അഭയാർഥി ക്യാമ്പിൽ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റലിലേക്ക് മാറുമെന്ന് ഡോ.സുഹൈബ് അൽ ഹംസ് പറഞ്ഞു.
തെക്കൻ ഗസ്സയിലെ 1.2 ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യസഹായം നൽകുന്ന പ്രധാന ആശുപത്രികളിൽ ഒന്നായിരുന്നു റഫയിലെ കുവൈത്ത് സ്പെഷാലിറ്റി ഹോസ്പിറ്റൽ. ആശുപത്രി സേവനം നിർത്തുന്നത് ഫലസ്തീനികളുടെ ദുരിതം വർധിപ്പിക്കും. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും അന്താരാഷ്ട്ര ആഹ്വാനങ്ങളും ധിക്കരിച്ച് റഫയിലെ അഭയാർഥി മേഖലയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഗസ്സയിലെ മറ്റിടങ്ങളിലെ ഇസ്രായേൽ ആക്രമണത്തിൽ കുടിയിറക്കപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഇടമാണ് റഫ. ഇവർ താമസിക്കുന്ന ടെന്റുകൾക്ക് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.