ഇസ്രായേൽ വിവാദ ഭൂപടം; ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വിവിധ അധിനിവേശ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഇസ്രായേൽ പുറത്തുവിട്ട വിവാദ ഭൂപടത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നിരവധി ഇസ്രായേലി ഔദ്യോഗിക അക്കൗണ്ടുകൾ തെറ്റായ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ച നടപടിയും കുവൈത്ത് സൂചിപ്പിച്ചു. ഇത്തരം തെറ്റായ അവകാശവാദങ്ങൾ പിരിമുറുക്കങ്ങൾക്കും സംഘട്ടനങ്ങൾക്കും അക്രമങ്ങൾക്കും ഇന്ധനം പകരും. അധിനിവേശം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ഇസ്രയേൽ നയത്തെ തുറന്നുകാട്ടുന്നതാണ് ഈ നടപടിയെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അതിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ ശക്തമായ നടപടി കൈക്കൊള്ളണം. കിഴക്കൻ ജറുസലം തലസ്ഥാനമായി തങ്ങളുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനിയൻ ജനതയുടെ അവകാശത്തിനും ഫലസ്തീൻ ലക്ഷ്യത്തിനും കുവൈത്തിന്റെ ഉറച്ച പിന്തുണ നൽകുന്ന നിലപാട് മന്ത്രാലയം ആവർത്തിച്ചു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ, ജോർഡൻ, ലെബനാൻ, സിറിയ എന്നീ രാജ്യങ്ങൾ ഉൾകൊള്ളുന്ന ഭൂപടമാണ് ചരിത്ര ഭൂപടങ്ങളെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇസ്രായേൽ നടപടി പ്രകോപരവും നിയമവിരുദ്ധവുമാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.