ചികിത്സയും ശസ്ത്രക്രിയയും നടത്തും; കുവൈത്തിൽനിന്ന് ഗസ്സയിലേക്ക് വീണ്ടും മെഡിക്കൽ സംഘം
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ മുറിവേറ്റും വിവിധ രോഗങ്ങളാലും പ്രയാസപ്പെടുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫിന്റെ (കെ.എസ്.ആർ) നേതൃത്വത്തിൽ 14 പേർ അടങ്ങുന്ന മെഡിക്കൽ സംഘം ഗസ്സയിലേക്ക് പുറപ്പെട്ടു. വിവിധ മെഡിക്കൽ, സർജിക്കൽ മേഖലകളിൽ നിന്നുള്ള ഫിസിഷ്യൻമാരും കൺസൾട്ടന്റുമാരും അടങ്ങുന്നതാണ് സംഘം. ഗസ്സയിലേക്ക് കുവൈത്തിൽ നിന്ന് അയക്കുന്ന രണ്ടാമത്തെ മെഡിക്കൽ റിലീഫ് സംഘമാണിത്. ആറ് ടൺ അവശ്യവസ്തുക്കളും മെഡിക്കൽ സപ്ലൈ ഉപകരണങ്ങളും വിമാനത്തിലുണ്ട്. വൈദ്യ പരിചരണവും മരുന്നുകളും നൽകി ഗസ്സയിലെ ആരോഗ്യ സംവിധാനത്തെ സഹായിക്കലാണ് ലക്ഷ്യം. ശസ്ത്രക്രിയകളും ഗുരുതരമായ കേസുകളും വിട്ടുമാറാത്ത രോഗങ്ങളും സംഘം പരിഗണിക്കുമെന്ന് മെഡിക്കൽ ടീം തലവൻ ഡോ. ഇബ്രാഹിം അൽ സലേഹ് പറഞ്ഞു. ഭക്ഷണ വിതരണം, പാർപ്പിട പദ്ധതികൾ തുടങ്ങി ദുരിതാശ്വാസ പദ്ധതികളും നടപ്പാക്കുമെന്ന് അറിയിച്ചു. ആദ്യ മെഡിക്കൽ സംഘത്തിന് ലഭിച്ച പിന്തുണയിൽ നിന്നാണ് രണ്ടാമത്തെ സംഘത്തെ അയക്കാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ ട്രഷറർ ജമാൽ അൽ നൂരി പറഞ്ഞു. ആദ്യ സംഘം ഗസ്സയിൽ 1,000ൽ അധികം പേർക്ക് ചികിത്സയും ഏകദേശം 184 ശസ്ത്രക്രിയകളും നടത്തിയതായും ജമാൽ അൽ നൂരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.