ഇസ്രായേൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി താരീഖ് അൽ ബന്നായ് ആവർത്തിച്ചു. യു.എൻ സുരക്ഷ കൗൺസിലിന്റെ തുറന്ന സമ്മേളനത്തിൽ ‘ഫലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സ്ഥിതി’ തലക്കെട്ടിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം വിഷയം ഉയർത്തിക്കാട്ടിയത്. ഫലപ്രദമായ നടപടികൾക്കായി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് പ്രതിനിധി ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര നിയമസാധുതക്കനുസൃതമായി സമഗ്ര പരിഹാരത്തിന് ഫലസ്തീൻ ജനതയുടെ ഭൂമി എന്നതിനെ പിന്തുണക്കാനും അവരെ കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും മുന്നറിയിപ്പ് നൽകാനും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു. നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് വ്യോമാക്രമണത്തിലൂടെയും വൈദ്യുതിയും വെള്ളവും ഭക്ഷണവും വെട്ടിക്കുറച്ചും ദ്രോഹിക്കുന്നതും ഒരു മതത്തിനും നിയമത്തിനും മനുഷ്യ സ്വഭാവത്തിനുപോലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. യു.എൻ സുരക്ഷ കൗൺസിൽ സമാധാനം ഇഷ്ടപ്പെടുന്ന രാജ്യങ്ങൾക്ക് സുരക്ഷിത സങ്കേതമാണ്.
എന്നാൽ, ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ സുരക്ഷ കൗൺസിൽ പരാജയപ്പെട്ടു. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഫലസ്തീൻ സ്ഥാപിക്കുന്നതിനുള്ള കുവൈത്തിന്റെ ആഹ്വാനം അദ്ദേഹം പുതുക്കി. ഫലസ്തീൻ ലക്ഷ്യത്തെയും ജനങ്ങളെയും രാഷ്ട്രീയമായും മാനുഷികമായും ധാർമികമായും പിന്തുണക്കുന്നതിൽ കുവൈത്ത് മുൻനിരയിലാണ്. കുവൈത്തിൽനിന്ന് ഗസ്സയിലേക്ക് മാനുഷിക സഹായവും ദുരിതാശ്വാസവും അയക്കുന്നതിനായി എയർ ബ്രിഡ്ജ് സ്ഥാപിച്ച കുവൈത്തിന്റെ നീക്കത്തിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.