ഇസ്രായേൽ അധിനിവേശം; യു.എൻ പ്രമേയം കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ പ്രമേയം പാസാക്കിയതിനെ കുവൈത്ത് സ്വാഗതം ചെയ്തു.
അറബ് സമാധാന സംരംഭത്തെയും അന്താരാഷ്ട്ര പ്രമേയങ്ങളെയും അടിസ്ഥാനമാക്കി ഫലസ്തീൻ അവകാശങ്ങളെ പിന്തുണക്കുന്നതിനും ന്യായമായ പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ പ്രമേയത്തെ കുവൈത്ത് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.
1967ലെ കിഴക്കൻ ജറൂസലമിന്റെ തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രപദവി ഉൾപ്പെടെ ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ ജനറൽ അസംബ്ലി പാസാക്കിയത്. 14നെതിരെ 124 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇസ്രായേൽ യു.എസ് തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ഇന്ത്യ അടക്കം 43 രാജ്യങ്ങൾ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. യു.കെ, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
ഫലസ്തീൻ പ്രദേശത്തെ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യു.എൻ പൊതുസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. പരമാവധി 12 മാസത്തിനുള്ളിൽ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.