മൃഗശാല അടച്ചിട്ട് രണ്ടു വർഷത്തിലേറെ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മൃഗശാലയിൽ സന്ദർശകർക്ക് പ്രവേശനം വിലക്കിയിട്ട് രണ്ട് വർഷവും മൂന്ന് മാസവും കഴിഞ്ഞു. 2020 മാർച്ച് തുടക്കത്തിലാണ് കോവിഡ് പശ്ചാത്തലത്തിൽ മൃഗശാല അടച്ചത്. അതേസമയം, മൃഗശാലയിലെ ജീവികൾക്ക് അധികൃതർ ഭക്ഷണവും പരിചരണവും നൽകുന്നുണ്ട്. പെറ്റുപെരുകി വിവിധ ജീവജാലങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുവൈത്തികൾ വിദേശത്തുനിന്ന് എത്തിച്ച് അനധികൃതമായി വീടുകളിൽ വളർത്തിയിരുന്ന വന്യജീവികളെ പിടിച്ചെടുത്ത് മൃഗശാലയിൽ എത്തിച്ചതും വർധനക്ക് കാരണമായി. സന്ദർശകരില്ലാത്തതിനാൽ ജീവികൾക്കിപ്പോൾ ശാന്ത ജീവിതം.
ജീവനക്കാർ കൃത്യമായി ഭക്ഷണം എത്തിക്കുന്നതിനാൽ വിശപ്പും മറ്റു ബുദ്ധിമുട്ടുകളുമില്ല. സന്ദർശകർ 'കുരങ്ങുകളിപ്പിച്ചിരുന്ന' കുരങ്ങന്മാർക്കാണ് ഏറ്റവും ആശ്വാസം. ആരും അവരെ ശല്യപ്പെടുത്താനില്ല. അവരുടെ വികൃതികൾക്ക് തടസ്സങ്ങളുമില്ല. സന്ദർശകരില്ലാത്തത് ജീവികളെ ശാന്തരാക്കിയിട്ടുണ്ടെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. മൃഗശാല എന്ന് തുറക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അധികൃതർക്ക് കഴിയുന്നില്ല.
മൃഗശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിനാൽ വീണ്ടും തുറക്കാൻ കുറച്ച് സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. അതിനിടെ ഒറ്റപ്പെട്ട കുടുംബ സന്ദർശകർ മൃഗശാലയിൽ വന്നുപോകുന്നുണ്ട്.
വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയിൽ വിപുലമായ സന്ദർശനം അനുവദിച്ച് തുടങ്ങിയിട്ടില്ല. ബാച്ചിലർമാർക്ക് പ്രവേശനം തന്നെ അനുവദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.