ഫലസ്തീനൊപ്പം നിൽക്കേണ്ടത് അനിവാര്യം; അന്താരാഷ്ട്ര നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ വംശഹത്യ യുദ്ധത്തിൽ അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്.
അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നടപ്പാക്കലുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പാണ് ഈ ലോക നിഷ്ക്രിയത്വത്തിന് കാരണമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ‘സ്പോർട്സ് ഡിപ്ലോമസി’എന്ന പ്രമേയത്തിൽ ദോഹയിൽ നടന്ന ഏഷ്യൻ കോഓപറേഷൻ ഡയലോഗിന്റെ (എ.സി.ഡി) മൂന്നാമത്തെ ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്.
ഒരു വർഷമായി ഇസ്രായേൽ അധിനിവേശ സേനയുടെ നഗ്നമായ ആക്രമണത്തിന് വിധേയമാകുന്നു ഫലസ്തീൻ. 41,000ത്തിലധികം ഫലസ്തീനികൾ ഇതുവരെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഫലസ്തീനിനെതിരെ തുടരുന്ന ആക്രമണത്തിൽ കുവൈത്തിന്റെ ശക്തമായ അപലപനവും വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണം ഉടനടി നിർത്താൻ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനതക്കും അവരുടെ ന്യായമായ അവകാശത്തിനും സ്വയം നിർണയത്തിനും ജറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീനിയൻ രാഷ്ട്രം എന്ന ആവശ്യത്തിനുമൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.