ജാബിർ ഹോസ്പിറ്റലിന് നേട്ടം; നിർമിത ബുദ്ധി ഉപയോഗിച്ച് കൊളോണോസ്കോപ്പി
text_fieldsകുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ജാബിർ ഹോസ്പിറ്റൽ ഡോക്ടർമാർ വിജയകരമായി കൊളോണോസ്കോപ്പി നടത്തി.കുവൈത്തിൽ വൈദ്യശാസ്ത്രമേഖലയിൽ ആദ്യമാണിത്. ആധുനിക സാങ്കേതിക വിദ്യ ഈ മേഖലയിൽ കൈവരിച്ച വിജയം കാണിക്കുന്നതാണ് ഇതെന്ന് ജാബിർ ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു.
വൻകുടലിലെയും ആമാശയത്തിലെയും രോഗാവസ്ഥയെ കൃത്യതയോടെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കൊളോണോസ്‌കോപ്പിക്ക് കഴിയുന്നതായും അദ്ദേഹം പറഞ്ഞു.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത മുഴകൾ കണ്ടുപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൃത്യതയോടെ ഇടപെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെമറോയ്‌ഡ് രോഗനിർണയത്തിനാണ് രോഗി ആദ്യം വന്നതെന്നും എന്നാൽ കൊളോണോസ്കോപ്പി നടത്തി പ്രശ്നം പരിഹരിച്ചെന്നും കൊളോണോസ്‌കോപ്പി നടത്തിയ ജാബിർ ആശുപത്രിയിലെ വൻകുടൽ, മലാശയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ ഖമീസ് പറഞ്ഞു. കാൻസറിന് കാരണമായേക്കാവുന്ന വൻകുടലിൽ രൂപംകൊള്ളുന്ന 'പോളിപ്‌സ്', മുഴകൾ എന്നിവ നീക്കംചെയ്യുന്നതിനായി കൊളോണോസ്കോപ്പി സമയത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന 'എൻഡോ-എയ്‌ഡ് കേഡ്' എന്ന സംവിധാനം നിർമാണ കമ്പനി പുറത്തിറക്കിയതായും അദ്ദേഹം വിശദീകരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊളോണോസ്കോപ്പി നടത്തി രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന്റെ നിരക്ക് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വൻകുടലിലെയും ദഹനവ്യവസ്ഥയിലെയും മുഴകൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് 'പോളിപ്സ്' എന്ന് ഡോ. ബദർ ഹുമൂദ് അൽ ഷഅബാൻ പറഞ്ഞു.
പ്രായമാകുമ്പോൾ 55 മുതൽ 60 വരെ ഇത് വർധിക്കുന്നു.പോളിപ്സ് വലുതായി മാരകമായ ട്യൂമറായി മാറുന്നതിനുമുമ്പ് അവയെ പൂർണമായും നീക്കം ചെയ്യാൻ കഴിയും.അതിനാൽ അവ നേരത്തേ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജാബിർ ഹോസ്പിറ്റലിൽ ഡിപ്പാർട്ട്‌മെന്റിന് 19 ഓപറേഷൻ റൂമുകൾ ഉണ്ട്. അവ പ്രതിദിനം 40 പ്രധാന ഓപറേഷനുകൾ വരെ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.