ജലീബ് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിയന്ത്രണത്തിൽ
text_fieldsകുവൈത്ത് സിറ്റി: മലയാളികൾ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖ് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിയന്ത്രണത്തിൽ. മന്ത്രാലയം പ്രദേശത്തുടനീളം സുരക്ഷ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജലീബ്, അബ്ബാസിയ, ഹസാവി എന്നിവയുടെ പ്രവേശന കവാടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘകരെ പിടികൂടുന്നതിനുള്ള വിപുലമായ സുരക്ഷ കാമ്പയിൻ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് പൊലീസ് ചെക്ക്പോസ്റ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചത്. അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന അരങ്ങേറുമെന്ന് റിപ്പോർട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, മാൻപവർ പബ്ലിക് അതോറിറ്റി, ജല വൈദ്യുതി മന്ത്രാലയം തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ സംയുക്ത പരിശോധനക്കാണ് അരങ്ങൊരുങ്ങുന്നത്. ജലീബിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശന പരിശോധന നടത്താനുള്ള നീക്കം. സ്വദേശി താമസമേഖലയിൽ വിദേശി ബാച്ചിലർമാർ താമസിക്കുന്നതും പിടികൂടും. താമസ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന നടത്തും. സമാന്തര വിപണിയും തെരുവ് കച്ചവടവും പിടികൂടും. കുറ്റവാളികളെയോ പിടികിട്ടാപ്പുള്ളികളെയോ ഒളിച്ചുതാമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.