ജലീൽ പ്രവാസികളോട് മാപ്പ് പറയണം
text_fieldsപ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ചു യാത്രക്ക് പി.പി.ഇ കിറ്റ് മാത്രം മതി എന്ന നിലപാട് സർക്കാറിന് സ്വീകരിക്കേണ്ടി വന്നു
കോവിഡ് കൊടുമ്പിരികൊണ്ട കാലത്ത് ഏതു വിധേനയും നാടണയാൻ കാത്തിരുന്ന പ്രവാസികൾക്ക് മടങ്ങിവരുമ്പോൾ കേരള സർക്കാർ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യമുണ്ടായി. പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഉത്തരവ് പിൻവലിച്ചു യാത്രക്ക് പി.പി.ഇ കിറ്റ് മാത്രം മതി എന്ന നിലപാട് സർക്കാറിന് സ്വീകരിക്കേണ്ടി വന്നു. പ്രവാസികളെക്കുറിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി.
ഗൾഫിൽനിന്ന് വരുന്നവരാണ് കോവിഡ് വാഹകർ എന്ന ധാരണ പ്രചരിച്ചതോടെ പ്രവാസികളെ ബന്ധുക്കളും നാട്ടുകാരും അകറ്റിനിർത്തുന്ന സാഹചര്യമുണ്ടായി. മാത്രവുമല്ല, പ്രവാസികളിൽനിന്ന് ക്വാറന്റീൻ ചാർജ് ഈടാക്കാനുള്ള തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. കൊട്ടിഘോഷിച്ച് നടത്തിയ നോർക്ക രജിസ്ട്രേഷന് പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും എന്ന പ്രതീതി സൃഷ്ടിച്ചതല്ലാതെ രജിസ്റ്റർ ചെയ്ത നാലു ലക്ഷത്തിലധികം പ്രവാസികൾക്ക് ഒരു പ്രയോജനവുമുണ്ടായില്ല.
നോർക്ക മുൻകൈയെടുത്ത് ചാർട്ടർ വിമാനങ്ങൾ ഒരുക്കാൻ പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഒരു പ്രവാസിയെ പോലും നാട്ടിലെത്തിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സന്നദ്ധ സംഘടനകൾ ചാർട്ടർ ചെയ്ത വിമാനങ്ങൾക്ക് അനുമതി നിഷേധിക്കാനുള്ള ശ്രമങ്ങളുമുണ്ടായി.
ഗൾഫിൽനിന്ന് മടങ്ങിവരുന്നവരുടെ കണക്കുകൾ രാജ്യംതിരിച്ച് വാർത്തസമ്മേളനങ്ങളിൽ നിരന്തരം വായിക്കുന്ന മുഖ്യമന്ത്രി കോവിഡ് ബാധിച്ച് ഗൾഫിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ പറയാതിരിക്കാൻ പ്രത്യേകം സൂക്ഷ്മത പുലർത്തി. ഒടുവിൽ ഗൾഫിൽ മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച് വിവിധ സാമൂഹിക പ്രവർത്തകർ രംഗത്തു വന്നു. 'ഇനിയും എത്ര പേർ മരിക്കണം?' എന്ന തലക്കെട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഫോട്ടോ ഉൾപ്പെടുത്തി മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത വലിയ ചർച്ചയായതും ഈ സാഹചര്യത്തിലാണ്.
പ്രവാസി പ്രശ്നങ്ങളിൽ എന്നും ക്രിയാത്മകമായി ഇടപെടുന്ന 'മാധ്യമം' ദിനപത്രത്തിന്റെ സർഗാത്മകവും സാമൂഹിക പ്രതിബദ്ധതയോടെയുമുള്ള ഒരു ഇടപെടലായിരുന്നു അത്.
തൊട്ടടുത്ത ദിവസംതന്നെ മരണപ്പെട്ടവരെക്കുറിച്ച് പരാമർശിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായി എന്നത് ആ വാർത്ത എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' എന്ന പേരിൽ പ്രത്യേക പദ്ധതി തയാറാക്കി നൂറുകണക്കിന് പ്രവാസികളെ നാട്ടിലെത്തിച്ചതും ഈ മാധ്യമവും മീഡിയവണും ചേർന്നാണ്. പ്രോട്ടോകോൾ ലംഘനങ്ങൾക്കപ്പുറം, എന്നും പ്രവാസികളോടൊപ്പം നിലകൊള്ളുന്ന ഈ മാധ്യമസ്ഥാപനത്തെ ഇല്ലായ്മ ചെയ്യാനാണ് കെ.ടി. ജലീൽ ശ്രമിച്ചത്.അൽപ്പമെങ്കിലും പ്രവാസി പ്രതിബദ്ധത ഉണ്ടെങ്കിൽ കെ.ടി. ജലീൽ പ്രവാസികളോട് മാപ്പ് പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.