ജപ്പാനിലെ ഭൂകമ്പം: കുവൈത്ത് ദുഃഖം രേഖപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ നിരവധി പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതിൽ ജപ്പാൻ സർക്കാറിനോടും ജനങ്ങളോടും കുവൈത്ത് ദുഃഖം രേഖപ്പെടുത്തി. ജാപ്പനീസ് ചക്രവർത്തി നരുഹിതോക്ക് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ അനുശോചന സന്ദേശം അയച്ചു. ഭൂകമ്പത്തിൽ ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായതിലും സ്വത്തുക്കളും പൊതു സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടതിലും അമീർ ആത്മാർഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ മറികടക്കാൻ എളുപ്പത്തിൽ കഴിയട്ടെയെന്നും അമീർ വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. അതിനിടെ ജപ്പാനിലെ കുവൈത്ത് പൗരന്മാർ സുരക്ഷിതരാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികൾ പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ പാലിക്കാനും ഉണർത്തി.
ആവശ്യമെങ്കിൽ ടോക്ക്യോയിലെ കുവൈത്ത് എംബസിയുമായി ആശയവിനിമയം നടത്താനും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. പുതുവർഷദിനത്തിൽ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിലാണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. അമ്പതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.