സോഷ്യലിസ്റ്റ് ഏകീകരണം കാലത്തിന്റെ ആവശ്യം - എം.വി. ശ്രേയാംസ് കുമാർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം ബി.ജെ.പി ഇതര മതേതര പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിലേക്ക് എത്തിനിൽക്കുന്നതായി എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം വഴി പ്രതിപക്ഷ ഐക്യത്തിന് ശക്തമായ രാഷ്ട്രീയ പിൻബലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ.സി.സി ഓവർസീസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന വെബിനാറിൽ അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ജീവിതത്തിൽ മാതൃകാ വ്യക്തിത്വമായിരുന്നു ശ്രീധരൻ എന്നും, അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ നടന്നവരെല്ലാം പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു എന്നും ശ്രേയാംസ് കുമാർ പറഞ്ഞു. സരസമായ ഭാഷാപ്രയോഗവും ഇംഗ്ലീഷിലുള്ള പ്രസംഗവും അരങ്ങിൽ ശ്രീധരനെ ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട നേതാവാക്കി മാറ്റിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എൽ.ജെ.ഡി കോഴിക്കോട് ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. കൈ നിറയെ സമ്പത്തുമായി വന്ന് ഒന്നുമില്ലാതെ അവസാനിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു അരങ്ങിൽ എന്നും അനുസ്മരിച്ചു.
ഓവർസീസ് കമ്മിറ്റി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് കടലായി സ്വാഗതം ആശംസിച്ചു. ഓവർസീസ് കമ്മിറ്റി സെക്രട്ടറി നാസർ മുഖദാർ, ഇ.കെ ദിനേശൻ, നികേഷ് വരപ്പുറത്ത്, ടെന്നിസൺ ചേനപ്പള്ളി, മനോജ് പട്ടുവം, മനോജ് വടകര, കോയ വേങ്ങര, ടി.ജെ ബാബു വയനാട്, സുനിൽ പാറമ്മൽ എന്നിവർ സംസാരിച്ചു. ട്രഷറർ അനിൽ കൊയിലാണ്ടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.