മധ്യാഹ്ന ജോലിവിലക്ക്: നിയമലംഘനം കുറഞ്ഞതായി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മധ്യാഹ്ന ജോലി വിലക്ക് നിയമം കൃത്യമായി പാലിക്കപ്പെടുന്നതിൽ മാൻപവർ അതോറിറ്റിയുടെ പ്രശംസ.
തൊഴിലുടമകളും തൊഴിലാളികളും ഒരുപോലെ നിയമം പാലിക്കുന്നതിൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ മാൻപവർ അതോറിറ്റി അസി. ഡയറക്ടർ അബ്ദുല്ല അൽ മുതൗതിഹ് പറഞ്ഞു.
തുറസ്സായ സ്ഥലങ്ങളിൽ ഉച്ചജോലി വിലക്ക് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തുടർച്ചയായ പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈവരെ കാലയളവിൽ രാജ്യവ്യാപകമായി 164 നിർമാണ മേഖലകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ഒരിടത്തുമാത്രമാണ് ഉച്ചനേരത്ത് തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയത്. അതിന് കേസ് ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 211 തൊഴിലാളികളാണ് ഇത്രയും സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നത്. ഇതിൽതന്നെ 116 ഇടങ്ങളിൽ വീണ്ടും അധികൃതർ പരിശോധനക്കെത്തിയപ്പോൾ ഒരു നിയമലംഘനവും കണ്ടെത്താനായില്ല.
നിർമാണ സൈറ്റുകളിൽ പുനഃപരിശോധനക്കെത്തിയപ്പോൾ 163 തൊഴിലാളികളാണ് ജോലിയിടങ്ങളിലുണ്ടായിരുന്നത്. നിയമം പാലിക്കുന്നതിൽ തൊഴിലുടമകൾ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്ന് മുതൗതിഹ് പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്നു മാസങ്ങളിൽ ഈ നിയമം നടപ്പാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.