സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം: അഭ്യാസം ഡിസംബർ ഏഴുവരെ തുടരും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജി.സി.സി ‘ഇന്റഗ്രേഷൻ എക്സ് I’ സൈനിക പരിശീലനത്തിന് തുടക്കം. അഭ്യാസം ഡിസംബർ ഏഴുവരെ തുടരുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ പങ്കെടുക്കുന്ന എല്ലാ സേനകളും ശനിയാഴ്ച കുവൈത്തിൽ എത്തിയിരുന്നു.
പെനിൻസുല ഷീൽഡ് ഫോഴ്സിന്റെ പങ്കാളിത്തത്തോടെ കുവൈത്ത് ആർമിയുടെ ജനറൽ കമാൻഡാണ് അഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്നത്. കുവൈത്തിന്റെ വടക്ക് പടിഞ്ഞാറുള്ള അൽ അദ്ര, അബ്രാഖ് പ്രദേശങ്ങളിലാണ് ഫീൽഡ് അഭ്യാസം. ഏകീകൃത സൈനിക കമാൻഡ് സ്ഥാപിതമായതിന് ശേഷമുള്ള പെനിൻസുല ഷീൽഡ് ഫോഴ്സിന്റെ ഈ ആദ്യ ഫീൽഡ് അഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അഭ്യാസത്തിൽ ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സമർപ്പണവും സംയോജനവും ഉൾക്കൊള്ളുന്നു.
അതിനിടെ, കുവൈത്ത് കമാൻഡോ/25 ബ്രിഗേഡിൽനിന്നുള്ള ഒരു സേന വെള്ളിയാഴ്ച പാകിസ്താനിലേക്ക് പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ഡോൺ ഓഫ് ദ ഈസ്റ്റ്’ എന്ന സംയുക്ത അഭ്യാസത്തിൽ കുവൈത്ത് സേന പങ്കെടുക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്നതാണ് പരിശീലനം.
സൈനിക ഗവേഷണം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, സുപ്രധാന സൗകര്യങ്ങൾ സുരക്ഷിതമാക്കൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ, മെഡിക്കൽ ഒഴിപ്പിക്കൽ എന്നിവയിലെ വൈദഗ്ധ്യം സംയുക്ത പരിശീലനത്തിൽ പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.